ഗാന്ധികുടുംബത്തിന്റെ സുരക്ഷ സിആർപിഎഫ് ഏറ്റെടുത്തു
Tuesday, November 12, 2019 12:39 AM IST
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും മക്കളായ രാഹുലിന്റെയും പ്രിയങ്കയുടെയും സുരക്ഷ സിആർപിഎഫ് ഏറ്റെടുത്തു. കഴിഞ്ഞയാഴ്ചയാണു ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ കേന്ദ്രസർക്കാർ പിൻവലിച്ചത്. ഡൽഹിയിൽ സോണിയയുടെ വസതിയായ നന്പർ 10 ജൻപഥിന്റെ സുരക്ഷയ്ക്കായി നിയോഗികപ്പെട്ട സിആർപിഎഫ് കമാൻഡോ സംഘത്തിന് ഇസ്രേലി എക്സ്-95 ഉൾപ്പെടെ അത്യാധുനിക ആയുധങ്ങൾ കൈവശമുണ്ട്.
തുഗ്ലക് ലെയ്നിലെ, കോൺഗ്രസ് മുൻ അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധി, ലോധി എസ്റ്റേറ്റിലെ പ്രിയങ്ക ഗാന്ധി എന്നിവരുടെ വസതികളിലും സമാനമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
അതിവിശിഷ്ട വ്യക്തികൾക്കു സുരക്ഷ ഒരുക്കുന്നതിനു പ്രത്യേക സംഘമുള്ള സിആർപിഎഫ് മൂന്നു നേതാക്കൾക്കും സെഡ് പ്ലസ് വിഭാഗം സുരക്ഷാണ് ഉറപ്പാക്കുക. എസ്പിജി പിന്മാറിയെങ്കിലും ഏതാനും ദിവസത്തേക്ക് സിആർപിഎഫുകാരെ സഹായിക്കാനായി ഉദ്യോഗസ്ഥർ തുടരും.