അയോധ്യ: ഒത്തുതീർപ്പു നിർദേശങ്ങൾ തള്ളി മുസ്ലിം സംഘടനകൾ
Saturday, October 19, 2019 12:38 AM IST
ന്യൂഡൽഹി: അയോധ്യ കേസിൽ മധ്യസ്ഥസമിതി തയാറാക്കിയ ഒത്തുതീർപ്പ് നിർദേശങ്ങൾ തള്ളി മുസ്ലിം സംഘടനകൾ രംഗത്ത്. കേസിലെ എല്ലാ കക്ഷികളുടെയും പങ്കാളിത്തത്തോടെയല്ല ഒത്തുതീർപ്പു നിർദേശങ്ങൾ തയാറാക്കിയതെന്നു വ്യക്തമാക്കുന്ന പ്രസ്താവനയിൽ, തർക്കഭൂമിയുടെ അവകാശത്തിൽ നിന്നു പിന്മാറാമെന്ന് ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡ് ചെയർപേഴ്സണു വേണ്ടി അഭിഭാഷകൻ ഷാഹിദ് റിസ്വി നിലപാട് അറിയിച്ചതിനെയും എതിർക്കുന്നു. ആറ് മുസ്ലിം കക്ഷികൾ ഒന്നിച്ചു തയാറാക്കിയ പ്രസ്താവന സുപ്രീംകോടതിയിൽ ഫയൽ ചെയ്തു.
പിന്മാറാൻ തയാറാണെന്നു സുന്നി വഖഫ് ബോർഡ് മധ്യസ്ഥ സമിതിയെ അറിയിച്ചെന്ന വാർത്തകൾ തങ്ങളെ അന്പരപ്പിച്ചു. സുന്നി വഖഫ് ബോർഡ് അത്തരത്തിലൊരു ഒത്തുതീർപ്പ് നിർദേശം മുന്നോട്ടു വച്ചിട്ടുണ്ടോയെന്ന് അറിയില്ല. ഉണ്ടെങ്കിൽ തന്നെ മധ്യസ്ഥ സമിതിയിൽ പങ്കെടുത്തിട്ടുള്ളത് കേസിലെ പ്രധാന കക്ഷികളല്ലാത്തവരാണ്. പ്രധാന ഹിന്ദു കക്ഷികളും ചർച്ചകളിൽ പങ്കെടുത്തിട്ടില്ല-അവർ വിശദീകരിച്ചു.