മകന്റെ ദുരന്തമറിയാതെ സിദ്ധാര്‍ഥയുടെ പിതാവും യാത്രയായി
Monday, August 26, 2019 12:26 AM IST
മൈസൂരു: കഫേ കോഫിഡേ സ്ഥാപകന്‍ വി.ജി. സിദ്ധാര്‍ഥ മരിച്ച് ഒരു മാസം തികയുന്നതിനുമുമ്പ് പിതാവ് ഗംഗയ്യ ഹെഗ്ഡേയും യാത്രയായി. ഇന്നലെ വൈകുന്നേരമാണ് മൈസൂരുവിലെ ശന്താവേരി ഗോപാലഗൗഡ ആശുപത്രിയില്‍ അന്ത്യം സംഭവിച്ചത്. 96 വയസായിരുന്നു.
കര്‍ണാടകയുടെ മലനാടായി അറിയപ്പെടുന്ന ചിക്കമഗളൂരുവിലെ 130 വര്‍ഷത്തോളം പാരമ്പര്യമുള്ള പ്ലാന്റര്‍മാരുടെ കുടുംബത്തിലെ അംഗമായിരുന്നു ഗംഗയ്യ ഹെഗ്ഡേ. 12,000 ഏക്കറോളം കാപ്പിത്തോട്ടം അദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നു. പതിനായിരങ്ങള്‍ക്ക് തൊഴില്‍ നല്കിക്കൊണ്ടും സാമൂഹ്യപ്രവര്‍ത്തനങ്ങളിലൂടെയും ചിക്കമഗളൂരുവിലെ സമാദരണീയനായ വ്യക്തിയായി ഉയര്‍ന്നു. പാരമ്പര്യമായി ലഭിച്ച കാപ്പിത്തോട്ടങ്ങളില്നിന്ന് വ്യവസായമേഖലയിലേക്ക് വളരാന്‍ സിദ്ധാര്ഥയ്ക്ക് ഉറച്ച പിന്‍ബലം നല്കിയതും പിതാവായിരുന്നു.
വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം ഏറെനാളായി ക്ഷീണിതനായിരുന്ന പിതാവിനെ മൈസൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് സിദ്ധാര്‍ഥയുടെ പ്രത്യേക താത്പര്യപ്രകാരമായിരുന്നു. സിദ്ധാര്‍ഥയുടെ ഭാര്യാപിതാവ് എസ്.എം.കൃഷ്ണയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ആശുപത്രി. കഴിഞ്ഞ ജൂലൈ 27 ന് അച്ഛനെ കാണാനായി ആശുപത്രിയിലെത്തിയ സിദ്ധാര്‍ഥ പതിവിലേറെ വികാരാധീനനായിരുന്നു. അച്ഛന്റെ കൈ പിടിച്ച് ഏറെനേരം ചെലവഴിച്ചതിനുശേഷമാണ് മടങ്ങിയത്. രണ്ടു ദിവസം കഴിഞ്ഞ് ജൂലൈ 29 നാണ് മംഗളൂരു നേത്രാവതി പാലത്തില്‍വച്ച് സിദ്ധാര്‍ഥ ജീവിതത്തില്‍നിന്നും നടന്നുമറഞ്ഞത്. അപ്പോഴേക്കും ഏറെക്കുറെ അബോധാവസ്ഥയിലായിരുന്ന പിതാവിനെ മകന്റെ മരണവാര്‍ത്ത അറിയിക്കേണ്ടതായും വന്നില്ല.
വാസന്തിയാണ് ഭാര്യ. വി.ജി. സിദ്ധാര്‍ത്ഥ ഏകമകനായിരുന്നു. മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മകള്‍ മാളവിക മരുമകളാണ്. ഇന്ന് ചിക്കമഗളൂരുവിലെ ചേതനഹള്ളി എസ്റ്റേറ്റില്‍ മകന്റെ അന്ത്യവിശ്രമസ്ഥാനത്തിനടുത്തായിരിക്കും പിതാവിന്റെ സംസ്കാരം.