അയ്യപ്പസംഗമത്തിന് പൊതു ഖജനാവ് ഫണ്ട്: സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശം
Tuesday, September 9, 2025 1:23 AM IST
കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിനു പൊതുഖജനാവില്‍നിന്ന് ഫണ്ട് നല്കുന്നതു തടയണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജികളില്‍ സത്യവാങ്മൂലം നല്കാന് സര്‍ക്കാരിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും ഹൈക്കോടതി നിര്‍ദേശിച്ചു.
ജസ്റ്റീസ് വി.രാജ വിജയരാഘവനും ജസ്റ്റീസ് കെ.വി.ജയകുമാറും അടങ്ങിയ ദേവസ്വം ബെഞ്ച് ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.
ഹൈന്ദവീയം ഫൗണ്ടേഷന് സെക്രട്ടറി കളമശേരി സ്വദേശി എം. നന്ദകുമാറടക്കം ഫയല്‍ ചെയ്ത പൊതുതാത്പര്യ ഹര്‍ജികളാണു കോടതിയുടെ പരിഗണനയിലുള്ളത്.
ദേവസ്വം ബോര്‍ഡിന്റെ ഫണ്ട് ചെലവിടുന്നത് തടയണമെന്നതടക്കമുള്ള ആവശ്യമാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ പരിപാടിക്കായി ദേവസ്വം ബോര്‍ഡ് ഫണ്ട് വിനിയോഗിക്കില്ലെന്നും സ്പോര്ണ്സര്ഷിപ്പിലൂടെയാണ് ഫണ്ട് കണ്ടെത്തുന്നതെന്നും ദേവസ്വം ബോര്‍ഡ് വിശദീകരിച്ചു.
1300 കോടി രൂപയുടെ ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതിന് ഫണ്ട് കണ്ടെത്തുന്നതടക്കമുള്ള വിഷയങ്ങള്‍ സംഗമത്തില്‍ ചര്‍ച്ചയാകുമെന്നും ബോര്‍ഡ് അറിയിച്ചു.