ക്രൈംബ്രാഞ്ചിന് തലവേദനയായി പാതിവില തട്ടിപ്പ് കേസ്
Tuesday, September 9, 2025 1:23 AM IST
കൊച്ചി: ക്രൈംബ്രാഞ്ചിന് തലവേദനയായി പാതിവില തട്ടിപ്പ് കേസ്. പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാര്‍ പിരിച്ചുവിട്ടതോടെ കേസ് അന്വേഷണം ആദ്യം മുതല്‍ ആരംഭിക്കേണ്ട സ്ഥിതിയാണ് ക്രൈംബ്രാഞ്ചിന്റെ അതാത് യുണിറ്റുകള്‍ക്ക്.
മുഖ്യപ്രതി അനന്തുകൃഷ്ണന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തെ സംബന്ധിച്ചുള്ള അന്വേഷണം മാത്രമാണ് എട്ടു മാസമായിട്ടും പ്രത്യേക അന്വേഷണസംഘം പൂര്‍ത്തിയാക്കിയത്.
തുടരന്വേഷണം ക്രൈംബ്രാഞ്ച് യൂണിറ്റുകള്‍ ഏറ്റെടുക്കുന്നതോടെ ജില്ല തിരിച്ച് പണം നഷ്ടപ്പെട്ടവരുടെ കണക്കും നഷ്ടപ്പെട്ട തുക, ഇതുസംബന്ധിച്ച് അനന്തുകൃഷ്ണന്റെ ബാങ്ക് രേഖകള്‍, തട്ടിപ്പിനിരയായവരുടെ മൊഴി എന്നിവ വീണ്ടും രേഖപ്പെടുത്തേണ്ടി വരും. ഇത് കേസ് തീരുന്നതിന് കാലതാമസം വരുത്തും.
അതേസമയം തട്ടിപ്പിലൂടെ സമ്പാദിച്ച പണം ആര്‍ക്കൊക്കെ കൈമാറി എന്നതടക്കമുള്ള അന്വേഷണത്തിലേക്ക് പ്രത്യേക സംഘം കടക്കുന്ന ഘട്ടത്തില്‍ അന്വേഷണസംഘത്തെ പിരിച്ചുവിട്ടത് പ്രതികളെയും ആരോപണ വിധേയരെയും സംരക്ഷിക്കാനാണെന്നാണ് തട്ടിപ്പിനിരയായവരുടെ പ്രധാന ആക്ഷേപം. നഷ്ടപ്പെട്ട പണം സംബന്ധിച്ച ആശങ്ക നിലനില്‍ക്കേ അന്വേഷണത്തില്‍ നേരിടുന്ന കാലതാമസം പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള സാഹചര്യം ഒരുക്കുമോയെന്നും തട്ടിപ്പിനിരയായവര്‍ സംശയിക്കുന്നു.
കാര്യക്ഷമമായ അന്വേഷണം നടക്കാത്ത സാഹചര്യത്തില്‍ സെക്രട്ടേറിയറ്റിലേക്കും ക്രൈംബ്രാഞ്ച് ഓഫീസുകളിലേക്കും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പണം നഷ്ടമായവര്‍.
കുറ്റപത്രം വൈകും
അന്വേഷണസംഘം മാറിയതോടെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകും. എന്‍ജിഒയുടെയും സിഎസ്ആര്‍ ഫണ്ടിന്റെയും മറവില്‍ മുഖ്യപ്രതികളായ അനന്തുകൃഷ്ണനും കെ.എന്‍. ആനന്ദകുമാറും 500 കോടി രൂപ തട്ടിയെടുത്തു എന്നാണ് നിലവില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 490 കോടിയുടെ കണക്കില്‍പ്പെടുന്ന തട്ടിപ്പും 98 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത തട്ടിപ്പും പ്രതികള്‍ നടത്തിയതായാണ് കണ്ടെത്തല്‍. സംസ്ഥാനത്ത് ഇതുവരെ 1400ഓളം കേസുകളാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ജുഡീഷല്‍ കസ്റ്റഡിയിലുള്ള പ്രതികളുടെ അനധികൃതമായി സമ്പാദിച്ച സ്വത്തുവകകള്‍ ബഡ്സ് നിയമം (ബാനിംഗ് ഒഫ് അണ്‍റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീം ആക്ട്) ചുമത്തി കണ്ടുകെട്ടാനുള്ള നീക്കം ആരംഭിക്കാനിരിക്കേ അന്വേഷണസംഘത്തെ പിരിച്ചിട്ടതോടെ ഇതും പ്രതിസന്ധിയിലായിരിക്കുകയാണ്.
പണംപോയത് ആര്‍ക്കൊക്കെ എന്നതില്‍ അന്വേഷണമില്ല
തട്ടിപ്പിലൂടെ അനന്തുകൃഷ്ണന് സമ്പാദിച്ച പണം ആർക്കൊക്കെ കൈമാറി എന്നതില്‍ ഇനിയും അന്വേഷണം നടത്തിയിട്ടില്ല. രാഷ്ട്ട്രീയ പാര്‍ട്ടികളും നേതാക്കളും പണം കൈപ്പറ്റിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഇവരെ ചോദ്യം ചെയ്യാനും പ്രത്യേക അന്വേഷണസംഘം തയാറായിരുന്നില്ല.
തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഡീന്‍ കുര്യാക്കോസ് എംപി, സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് എന്നിവര്‍ക്ക് പണം നല്‍കിയെന്ന് കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണന് മൊഴി നല്‍കിയിരുന്നു. ഇതിനു പുറമേ ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണനുമായി സാമ്പത്തിക ഇടപാട് നടത്തിയതായും അനന്തുകൃഷ്ണന് വെളിപ്പെടുത്തിയിരുന്നു.