കാലാവസ്ഥാ വ്യതിയാനം: മത്തി കേരളതീരം വിട്ട് ഉൾക്കടലിലേക്ക്
Tuesday, September 9, 2025 1:23 AM IST
റെജി ജോസഫ്
കോട്ടയം: കേരളീയരുടെ പോഷകസമൃദ്ധമായ ഇഷ്ടമത്സ്യം മത്തി കാലാവസ്ഥാ വ്യതിയാനത്തില്‍ എന്നേക്കുമായി തീരം വിടുന്നു. ലഭ്യത കുറഞ്ഞതോടെ വലിയ മത്തിക്ക് വില 320-380 നിരക്കിലേക്ക് ഉയര്‍ന്നു. വിലയില്‍ അല്പം കുറവുണ്ടായിരുന്ന ചെറിയ മത്തിയുടെ ലഭ്യതയും കുറഞ്ഞു.
ട്രോളിംഗ് നിരോധനത്തിനു പിന്നാലെ മത്തിലഭ്യത മെച്ചപ്പെട്ടെങ്കിലും വരുംമാസങ്ങളില്‍ കാര്യമായ മെച്ചമുണ്ടാകാനിടയില്ലെന്ന് കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം വ്യക്തമാക്കി. ക്ഷാമം തുടരുന്ന സാഹചര്യത്തില്‍ ചെറിയ മത്തിയും മുട്ടയുള്ള മത്തിയും പിടിക്കുന്നതില്‍ കൂടുതല്‍ നിയന്ത്രണം വേണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. മത്തിയുടെ പ്രജനനത്തിനും ശരിയായ രീതിയില്‍ വളര്‍ച്ച പ്രാപിക്കാനും എല്‍നിനോ തടസമായിരുന്നു.
ഭൂമിയില്‍ മഴയുടെയും ചൂടിന്റെയും കാറ്റിന്റെയുമൊക്കെ ഗതിയും ദിശയും കാലവും മാറുന്ന പ്രതിഭാസമാണ് എല്‍നിനോ. നിലവിലെ കേരളതീരത്തെ കാലാവസ്ഥ മത്തിയുടെ പ്രജനനത്തിന് അനുയോജ്യമല്ലാത്തതാണ് ക്ഷാമത്തിനു പ്രധാന കാരണം. കൂടാതെ താപനില ഉയരുന്നതിനുസരിച്ച് മത്തി ഉള്‍ക്കടലിലേക്ക് വലിയുകയും ചെയ്യുന്നു.
പതിറ്റാണ്ടു മുന്‍പുവരെ കേരളത്തില്‍ ലഭിച്ചിരുന്ന മീനിന്റെ 40 ശതമാനവും മത്തിയായിരുന്നു.എന്നാല്‍ കേരളത്തില്‍ ഓരോ വര്‍ഷവും മത്തിയുടെ ലഭ്യത കുറയുകയാണ്. 2012ലാണ് സംസ്ഥാനത്ത് ഏറ്റവുമധികം മത്തി ലഭിച്ചത് - 3,99,000 ടണ്‍. 2021ല്‍ വെറും 3,298 ടണ്‍. 2023ല്‍ 1,38,980 ടണ്‍ വരെ ലഭ്യത ഉയര്‍ന്നെങ്കിലും പിന്നീടും ഇടിവാണു തുടരുന്നത്.
ട്രോളിംഗ് നിരോധനത്തിനു മുന്‍പും മണ്‍സൂണ്‍ സീസണിലുമാണ് സാധാരണ മീന്‍ ലഭ്യത ഏറ്റവും കൂടുതൽ. എന്നാല്‍, രണ്ടുവര്‍ഷമായി ട്രോളിംഗ് നിരോധനശേഷം ലഭ്യതയില്‍ ഗണ്യമായ കുറവുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മത്സ്യം ലഭിക്കുന്നത് വിഴിഞ്ഞത്തിനു വടക്കു മുതല്‍ കൊച്ചിക്ക് തെക്ക് വരെയുള്ള കൊല്ലം ഫിഷിംഗ് ബാങ്കിലാണ്. എന്നാല്‍, ഇവിടെ മുന്‍പു ലഭിച്ചിരുന്നതിന്റെ നാലിലൊന്നു പോലും ലഭിക്കുന്നില്ല.
കടല്താപം ഉയരുന്നതിന്റെ ഏറ്റവും പ്രധാന ഇരയാണ് മത്തി. കരയിലെന്നപോലെ കടലില്‍ 1.2 ഡിഗ്രി വരെ ചൂട് കൂടിയതോടെ മത്തി ഉള്‍പ്പെടെ ചെറുമത്സ്യങ്ങള്‍ അതിജീവന വെല്ലുവിളിയിലാണ്. താപനില വര്‍ധിക്കുമ്പോള്‍ ഉപരിതല മത്സ്യങ്ങള്‍ കടലിന്റെ അടിത്തട്ടിലേക്കും ഉള്‍ക്കടലിലേക്കും പോകും. ഇത് മീനുകളുടെ പ്രജനം, വളര്‍ച്ച, തീറ്റ എന്നിവയെ നേരിട്ടു ബാധിക്കും.
സമുദ്രതാപത്തിലെ ചെറിയ വ്യതിയാനം പോലും മത്സ്യസമ്പത്തിനെ ബാധിക്കുമെന്ന് സമുദ്രമത്സ്യഗവേഷണ വിഭാഗം വ്യക്തമാക്കി. ഉയര്‍ന്ന ചൂട് മത്തിയുടെ വളര്‍ച്ച മുരടിപ്പിക്കും. കഴിഞ്ഞ വര്‍ഷം പൊടിമത്തി മാത്രം ലഭിച്ചത് ഇക്കാരണത്താലാണ്. വേനല്ക്കാലത്തു ലഭിക്കുന്ന മത്തിക്ക് എട്ടു സെന്റിമീറ്ററില്‍ താഴെയാണ് വലുപ്പം.
അതേസമയം, ചൂടു കുറവുള്ള തമിഴ്നാട് തീരങ്ങളിലെ മത്തി ശരാശരി 12 സെന്റിമീറ്റര്‍ വരെയുണ്ട്. കേരളത്തിലേക്കു പരിമിതമായ തോതില്‍ ഇപ്പോള്‍ മത്തി കൊണ്ടുവരുന്നത് തമിഴ്നാട്ടില്‍ നിന്നാണ്.