വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു
Tuesday, September 9, 2025 1:23 AM IST
കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ കറുകടത്ത് വാഹനങ്ങളുടെ കൂട്ടയിടിയിൽ വീട്ടമ്മ മരിച്ചു.
കാറില്‍ സഞ്ചരിച്ച മൂന്നംഗ കുടുംബത്തിലെ വീട്ടമ്മയാണ് മരിച്ചത്. ഇവരുടെ മകള്‍ക്കും മരുമകനും കോതമംഗലം സ്വദേശിക്കും സാരമായ പരിക്കേറ്റു. ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലി ബിഎല്‍ റാവ് ഗവ. സ്കൂളിന് സമീപം താമസിക്കുന്ന ദേവികുളം സ്വദേശി ശാന്തകുമാറിന്റെ ഭാര്യ അമുത കുമാര്‍ (42) ആണ് മരിച്ചത്.
ഇവരുടെ മകള്‍ അപര്‍ണ (അഭിരാമി-24), ഭര്‍ത്താവ് കണ്ണന് (32), സ്കൂട്ടര്‍ യാത്രികനായ കോതമംഗലം കളരിക്കുടിയില്‍ കെ.എസ്. ജിബിഷ് (40) എന്നിവര്‍ക്കാണു പരിക്കേറ്റത്. കറുകടം ഞാഞ്ഞൂള്‍മല നഗര്‍ ജംഗ്ഷന് സമീപം ഇന്നലെ രാവിലെ 9.10 നായിരുന്നു അപകടം.
അപര്‍ണയെ മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ കാണിക്കാനായി കാറില്‍ പോവുകയായിരുന്നു മൂന്നംഗ കുടുംബം. കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരേ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയും പിന്നാലെ വന്ന പിക്കപ് വാന്‍ കാറിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.
ഏലത്തോട്ടം ജീവനക്കാരിയായ അമുതയുടെ മറ്റു മക്കള്‍: ആരതി, അഭിനയ. സംസ്കാരം ഇന്ന് 11-ന് മൂന്നാര്‍ പഞ്ചായത്ത് പൊതുശ്മശാനത്തില്‍.