ജല്‍ജീവന്‍ മിഷന് കുടിവെള്ള പദ്ധതി ; കരാറുകാര്‍ക്ക് കുടിശിക 6000 കോടി; പദ്ധതി നിര്‍മാണ നടപടികള്‍ മരവിച്ചു
Tuesday, September 9, 2025 1:23 AM IST
ബെന്നി ചിറയില്‍
ചങ്ങനാശേരി: കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ തുല്യവിഹിതം നല്‍കേണ്ട ജല്‍ജീവന്‍ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തികള്‍ ഏറ്റെടുത്ത കരാറുകാര്‍ക്ക് ലഭിക്കാനുള്ള കുടിശിക തുക 6000 കോടി കടന്നു.
ഇക്കഴിഞ്ഞ മാര്‍ച്ചിനു ശേഷം ഇരുസര്‍ക്കാരും ഒരു രൂപ പോലും അനുവദിച്ചിട്ടില്ല. സംസ്ഥാന ബജറ്റില്‍ 560 കോടി വകയിരുത്തായിട്ടുണ്ടെങ്കിലും അതും ഇതുവരെ കരാറുകാര്‍ക്ക് നല്‍കിയില്ല.
12000 കോടി രൂപ ഹഡ്കോയില്‍ നിന്നോ നബാര്ഡില്നിന്നോ വായ്പയെടുത്ത് നിലവിലുള്ള കുടിശികയ്ക്കും പൂര്‍ത്തിയാക്കാനുള്ള പണികള്‍ക്കും സംസ്ഥാന വിഹിതമായി നല്‍കുമെന്ന് കേരള ധനവകുപ്പ് കരാറുകാര്‍ക്ക് പലവട്ടം ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ വായ്പയ്ക്കുള്ള കാബിനറ്റ് അനുമതിപോലും ഇതുവരെ നല്‍കിയിട്ടില്ല.
നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തിലെങ്കിലും അനുമതി ഉണ്ടാകുമെന്നാണ് കരാറുകാര്‍ പ്രതീക്ഷിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഫ്ളാഗ്ഷിപ്പ് പദ്ധതിയാണെങ്കിലും സംസ്ഥാന സര്‍ക്കാരിനേക്കാള്‍ 440 കോടി കുറച്ചു മാത്രമേ കേന്ദ്ര വിഹിതമായി അനുവദിച്ചിട്ടുള്ളൂ. കേന്ദ്ര വിഹിതത്തിലും തികഞ്ഞ അനിശ്ചിതത്വമാണ് നിലനില്‍ക്കുന്നത്.
ജപ്തിനടപടികള്‍ നേരിട്ട് കരാറുകാര്‍
2024 ജനുവരി മുതലുള്ള കുടിശികയാണ് കരാറുകാര്‍ക്ക് ലഭിക്കാനുള്ളത്. ഇപ്പോള്‍ ജല്‍ജീവന്‍ പണികള്‍ പൂര്‍ണമായി നിലച്ചിരിക്കുകയാണ്. ബാങ്ക് വായ്പയുടെ പലിശപോലും കൃത്യസമയത്ത് നല്കാന് കഴിയാത്തതിനാല്‍ മിക്ക കരാറുകാരുടെയും അക്കൗണ്ടുകള്‍ നിഷ്ക്രിയ ആസ്ഥികളാക്കുകയും ജപ്തി നടപടികള്‍ നേരിടുകയുമാണ്.
റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യംമൂലം ജാമ്യവസ്തുക്കല് ലേലം ചെയ്താല്‍ പോലും ബാങ്കുകള്‍ക്ക് വായ്പതുക പൂര്‍ണമായി ലഭിക്കില്ല. കരാറുകാര്‍ പാപ്പരാകുകയും ചെയ്യും. സര്‍ക്കാരില്‍നിന്നും പണം കിട്ടുന്നതു വരെ കരാറുകാരുടെ വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് സംസ്ഥാന സമിതി കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്.
ഭരണഘടനാധിഷ്ഠിത കരാറുകളില്‍ ഏര്‍പ്പെട്ട കരാറുകാരും അവര്‍ക്കു വായ്പ നല്കിയ ധനകാര്യ സ്ഥാപനങ്ങളും ഒരുപോലെ പ്രതി സന്ധിയിലകപ്പെട്ടിരിക്കുകയാണെന്നും കേരളാ ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയഷൻ ചൂണ്ടിക്കാട്ടി. നിരവധി കരാറുകാര്‍ കരാറില്‍നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോടതികളെ സമീപിച്ചിട്ടുമുണ്ട്.
നാളത്തെ മന്ത്രസഭാ യോഗത്തില്‍ കുടിശികതുക വിതരണം ചെയ്യുന്നതു സംബന്ധിച്ച് തീരുമാനമുണ്ടായില്ലെങ്കില്‍ സംസ്ഥാനത്തെ ഗവണ്മെന്റ് കരാറുകാര്‍ നിയമസഭാ മാര്‍ച്ച്, നിരാഹാരസമരം തുടങ്ങിയ സമരപരിപാടികളിലേക്കു നീങ്ങേണ്ടി വരുമെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി അറിയിച്ചു.