സർക്കാർ നെൽകർഷകരെ വഞ്ചിച്ചു: സണ്ണി ജോസഫ്
Tuesday, September 9, 2025 1:23 AM IST
തിരുവനന്തപുരം: സംഭരിച്ച നെല്ലിന്റെ വില ഓണത്തിനുപോലും നൽകാതെ എൽഡിഎഫ് സർക്കാർ നെൽകർഷകരെ വഞ്ചിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. വിലയ്ക്കു പകരം സർക്കാർ കർഷകർക്കു വായ്പയാണു നൽകിയത്.
സമയത്തിനു പണം നൽകാത്ത സർക്കാർ വീഴ്ച മൂലം വായ്പയുടെ തിരിച്ചടവു മുടങ്ങുകയും സിബിൽ സ്കോർ താഴെപ്പോകുകയും ചെയ്തു. ഇതു മൂലം വിളവിറക്കാൻ ബാങ്ക് വായ്പയോ മക്കൾക്ക് വിദ്യാഭ്യാസവായ്പയോ പോലും ലഭിക്കാത്ത നിലയാണ്.
കേന്ദ്രവിഹിതം യഥാസമയം ലഭിക്കാത്തതിനു കാരണം സംസ്ഥാന സർക്കാർ കണക്കു നൽകുന്നതിലെ വീഴ്ചയല്ലെങ്കിൽ അതു സംബന്ധിച്ചു വ്യക്തത വരുത്തണം.
നെൽകർഷകരെ വഞ്ചിക്കാൻ കേന്ദ്ര, കേരള സർക്കാരുകൾ നടത്തുന്ന നാടകം തുറന്നുകാട്ടും.യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായിരിക്കും ആദ്യ പരിഗണനയെന്നും സണ്ണി ജോസഫ് പറഞ്ഞു.