എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ്: അപ്പീലുകള്‍ തീര്‍പ്പാക്കുംവരെ സ്റ്റേ നീട്ടി
Tuesday, September 9, 2025 1:23 AM IST
കൊച്ചി: എസ്എന്‍ഡിപി യോഗം ഭരണ സമിതി തെരഞ്ഞെടുപ്പിനുള്ള സ്റ്റേ, ഈ വിഷയവുമായി ബന്ധപ്പെട്ട അപ്പീലുകള്‍ തീര്‍പ്പാകും വരെ ഹൈക്കോടതി നീട്ടി.
യോഗം ബൈലോയിലെ വ്യവസ്ഥ സിംഗിള്‍ബെഞ്ച് റദ്ദാക്കുകയും എല്ലാ അംഗങ്ങള്‍ക്കും വോട്ടവകാശമുണ്ടെന്ന് ഉത്തരവിടുകയും ചെയ്തതിനെതിരേ യോഗം അടക്കം സമര്‍പ്പിച്ച അപ്പീലുകളിലാണ് ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
കേരള നോണ്‍ ട്രേഡിംഗ് കമ്പനി നിയമമാണ് യോഗത്തിന് ബാധകമാവുകയെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കിയിരുന്നു. നാല് അപ്പീലുകളാണ് ഡിവിഷന്‍ബെഞ്ചിന്റെ പരിഗണനയിലുള്ളത്. ഒക്ടോബര്‍ ആറിന് വീണ്ടും വാദം കേള്‍ക്കാനായി ഹര്‍ജികള്‍ മാറ്റി.
എസ്എന്‍ഡിപി യോഗത്തിന് ബാധകമാകുന്നത് കേന്ദ്ര കമ്പനി നിയമമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്ത് യൂണിയനുകളും ശാഖകളുമുള്ള കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ വിശദീകരണം.