നടിയുടെ പരാതി: അറസ്റ്റിലായ സനല്‍കുമാര്‍ ശശിധരനെ കൊച്ചിയിലെത്തിച്ചു
Tuesday, September 9, 2025 1:23 AM IST
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയില്‍ അറസ്റ്റിലായ സംവിധായകന് സനല്‍കുമാര്‍ ശശിധരനെ കൊച്ചിയിലെത്തിച്ചു.
എളമക്കര പോലീസ് മുംബൈയിൽനിന്ന് കസ്റ്റഡിയിലെടുത്ത സനല്‍കുമാറിനെ ഇന്നലെ രാത്രിയോടെ ട്രെയിനിലാണ് കൊച്ചിയിലെത്തിച്ചത്.
ഞായറാഴ്ച അമേരിക്കയില്‍ നിന്നെത്തിയ സനല്‍കുമാറിനെ ലുക്ക് ഔട്ട് നോട്ടീസ് പ്രകാരം മുംബൈ വിമാനത്താവളത്തില്‍ സിഐഎസ്എഫ് തടഞ്ഞുവയ്ക്കുകയായിരുന്നു.
വിവരം കൊച്ചി സിറ്റി പോലീസിന് കൈമാറിയതിനെത്തുടര്‍ന്ന് എളമക്കര പോലീസ് മുംബൈയിലെത്തി കസ്റ്റഡിയിലെടുത്തു. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നടി ഇമെയില്‍ മുഖേന നല്കിയ പരാതിയിലാണ് നടപടി.
നടിയെ പരാമര്‍ശിച്ചും ടാഗ് ചെയ്തും സനല്‍ ഒട്ടേറെ പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. പിന്നാലെയാണ് നടി പരാതി നല്‍കിയത്. സമാന വിഷയത്തില്‍ സനല്‍കുമാറിനെതിരേ നടി മുമ്പും പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഈ കേസില്‍ കുറ്റപത്രം നല്‍കാനിരിക്കെയാണ് സനല്‍കുമാറിനെതിരേ രണ്ടാമത്തെ കേസ്. നടിയുടെ പരാതിയില്‍ 2022 മേയില്‍ എളമക്കര പോലീസ് സനലിനെ പാറശാലയില്‍ നിന്ന് അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തില്‍ വിട്ടിരുന്നു.