വനംവകുപ്പ് ഉദ്യോഗസ്ഥർ ക്രൂരമായി മർദിച്ചു; വെളിപ്പെടുത്തലുമായി ബൈജു ആൻഡ്രൂസ്
Tuesday, September 9, 2025 1:23 AM IST
തോമസ്കുട്ടി ചാലിയാർ
നിലന്പൂർ: വനംവകുപ്പിലും ഇടിയന്മാർ. അഞ്ച് വർഷം മുന്‍പുണ്ടായ മർദനം തുറന്നു പറഞ്ഞ് പൊതുപ്രവർത്തകൻ നിലന്പൂർ ഇടിവണ്ണ സ്വദേശി വലിയകുളത്തിൽ ബൈജു ആൻഡ്രൂസ്.
2020ലാണ് അകന്പാടം വനം സ്റ്റേഷനിൽ താൻ ക്രൂരമർദനത്തിനിരയായതെന്ന് ബൈജു ആൻഡ്രൂസ് പറയുന്നു. കപ്പക്കൃഷി നടത്തുകയായിരുന്നു ബൈജു. കൂടെ ജോലി ചെയ്തിരുന്ന ആളെ മാൻ വേട്ടയിൽ വനപാലകർ അറസ്റ്റ് ചെയ്തപ്പോൾ വിവരം അറിയാൻ പോയ തന്നെ വനം വകുപ്പിന്റെ ജീപ്പിൽ ബലമായി കയറ്റി ജീവനക്കാർ അകന്പാടം വനം സ്റ്റേഷനിൽ കൊണ്ടുപോയി ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് ബൈജു ആൻഡ്രൂസ് പറയുന്നു. തലയ്ക്ക് ഉൾപ്പെടെയാണ് മർദിച്ചത്.
സ്റ്റേഷനിലേക്ക് കൊണ്ടുപോകവേ താൻ ചെയ്ത കുറ്റം എന്താണെന്ന് ചോദിച്ചപ്പോൾ, ചില കാര്യങ്ങൾ ചോദിച്ചറിയാനാണെന്നും എന്നിട്ട് പോകാമെന്നുമായിരുന്നു വനപാലകരുടെ മറുപടി. എന്നാൽ എരഞ്ഞിമങ്ങാട്ടുള്ള അകന്പാടം വനം സ്റ്റേഷനിൽ എത്തിയതോടെ വനപാലകർ ഒരു കാരണവുമില്ലാതെ മർദിക്കുകയായിരുന്നു.
“മുഖത്തിന്റെ ഇരുവശങ്ങളിൽ അടിച്ചതിന് പുറമേ ഭിത്തിയിൽ ചാരിനിർത്തി തലയ്ക്കും അടിച്ചു. അടിയേറ്റ് വീണ തന്നെ ഓഫീസിലുണ്ടായിരുന്ന കട്ടിലിൽ കിടത്തി അതിക്രൂരമായി മർദിക്കുകയായിരുന്നു. സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് വനപാലകർ ഇടപെട്ടാണ് മർദനത്തിൽനിന്നു രക്ഷപ്പെടുത്തിയത്. കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ തന്നില്ല.
മർദനത്തിൽ തീർത്തും അവശനായതോടെ അകന്പാടം സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ വിളിച്ചുവരുത്തി പരിശോധിച്ചു. ബൂട്ടിട്ട മൂന്ന് വനപാലകരും വനംവകുപ്പിൽ ഡ്യൂട്ടിയുണ്ടായിരുന്ന പോലീസുകാരനും മർദിച്ചു. തുടർന്ന് കേസിൽ പ്രതിയാക്കുകയും ചെയ്തു.
കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. 14 ദിവസം റിമാൻഡിലും കഴിഞ്ഞു. കോവിഡ് കാലമായിരുന്നതിനാൽ മജിസ്ട്രേറ്റ് ഓണ്‍ലൈനിലൂടെയാണ് കാര്യങ്ങൾ ചോദിച്ചതറിഞ്ഞത്. മർദിച്ചിരുന്നോ എന്നു ചോദിച്ചിരുന്നു.
ഭയം മൂലം ഇല്ലെന്ന് മറുപടി നൽകി. മർദിച്ചതായി മൊഴി നൽകിയാൽ ഇനിയും ക്രൂരമർദനം ഉണ്ടാകുമെന്ന് വനപാലകർ മുന്നറിയിപ്പ് നൽകിയതിനാലാണ് അന്നങ്ങനെ പറഞ്ഞത്. മർദനത്തിൽ ബോധം നഷ്ടമായിരുന്നു. അവർ കൊല്ലുമോ എന്ന ആശങ്കയും ഉണ്ടായിരുന്നു.
ഇപ്പോൾ കുന്നംകുളത്തെ പോലീസ് മർദനം പുറത്തുവന്നപ്പോഴാണ് നേരിട്ട മർദനം പൊതുസമൂഹത്തോട് പറയണമെന്ന് തീരുമാനിച്ചത്. ഈ വിഷയത്തിൽ മുഖ്യമന്ത്രി, വനംമന്ത്രി, ഉന്നത വനപാലകർ എന്നിവർക്ക് പരാതി നൽകി”- ബൈജു ആൻഡ്രൂസ് പറഞ്ഞു. അന്നത്തെ മർദനത്തെത്തുടർന്ന് വിട്ടുമാറാത്ത ചുമ അലട്ടുന്നുണ്ട്.
കൂടാതെ, ഇടയ്ക്കിടെ രക്തം ഛർദിക്കാറുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജ്, മുക്കം കെഎംസിടി, വണ്ടൂരിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലായി ചികിത്സ തുടരുകയാണ്.
വനം ഓഫീസിൽ സിസിടിവി ഇല്ലാത്തതിനാൽ മർദനത്തിന്റെ ദൃശ്യങ്ങൾ ലഭിക്കില്ലല്ലോ എന്നും സങ്കടത്തോടെ ബൈജു പറയുന്നു. കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് നേരിട്ടതിലും വലിയ മർദനത്തിനാണ് താൻ ഇരയായതെന്നും ബൈജു ആൻഡ്രൂസ് പറയുന്നു. നിയമപോരാട്ടത്തിനു തുടക്കം കുറിച്ചതായും അദ്ദേഹം പറഞ്ഞു.