കുന്നംകുളം മർദനം: നടപടി സസ്പെൻഷനിൽ ഒതുക്കാമെന്നു കരുതേണ്ടെന്ന് വി.ഡി. സതീശൻ
Tuesday, September 9, 2025 1:23 AM IST
തിരുവനന്തപുരം: കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മർദിച്ച പോലീസുകാർക്കെതിരായ നടപടി സസ്പെൻഷനിൽ ഒതുക്കാമെന്ന് മുഖ്യമന്ത്രിയും സർക്കാരും കരുതരുതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നരാധമന്മാരായ ക്രിമിനലുകളെ സർവീസിൽനിന്നു പുറത്താക്കുന്നതു വരെ കോണ്‍ഗ്രസും യുഡിഎഫും സമരം തുടരും.
കുന്നംകുളത്തും പീച്ചിയിലും പോലീസ് ചെയ്ത ക്രൂരതയുടെ ദൃശ്യങ്ങൾ പൊതുസമൂഹത്തിനു മുന്നിലേക്കു വരുന്നതിനു മുന്‍പു തന്നെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ അതു കണ്ടിട്ടുണ്ട്. എന്നിട്ടും പ്രതികൾക്ക് സംരക്ഷണമൊരുക്കുകയായിരുന്നു. ക്രിമിനലുകൾക്കു സംരക്ഷണം നൽകിയ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണം.
ആഭ്യന്തര വകുപ്പിൽ മുഖ്യമന്ത്രിക്ക് ഒരു നിയന്ത്രണവുമില്ലെന്നു തുടർച്ചയായി തെളിയുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിന്റെ നിയന്ത്രണത്തിലാണ് കേരളത്തിലെ പോലീസ് സംവിധാനം പ്രവർത്തിക്കുന്നത്. അതിനെതിരെ ചെറുവിരൽ അനക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല.
സ്വന്തം വകുപ്പ് ഇത്രമേൽ ആരോപണങ്ങൾ നേരിടുന്പോഴും ഒരക്ഷരം ഉരിയാടുകയോ കാര്യമായ നടപടി സ്വീകരിക്കുകയോ ചെയ്യാത്ത ഒരു മുഖ്യമന്ത്രി സംസ്ഥാന ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കിയ സംഭവ പരന്പരയിൽ ഇനിയെങ്കിലും മൗനം വെടിയാൻ മുഖ്യമന്ത്രി തയാറാകണമെന്നു സതീശൻ ആവശ്യപ്പെട്ടു.