പീച്ചി സ്റ്റേഷൻ മർദനം ; സിഐ രതീഷിന് കാരണംകാണിക്കൽ നോട്ടീസ്
Tuesday, September 9, 2025 1:23 AM IST
പട്ടിക്കാട്: പീച്ചി പോലീസ് സ്റ്റേഷനിൽ ഹോട്ടൽ ജീവനക്കാരെ മർദിച്ച സംഭവത്തിൽ കടവന്ത്ര സിഐ പി.എം. രതീഷിന് ദക്ഷിണ മേഖലാ ഐജി ശ്യാം സുന്ദർ കാരണംകാണിക്കൽ നോട്ടീസ് നൽകി. ഇതോടെ കേസുമായി ബന്ധപ്പെട്ട വകുപ്പുതല നടപടികൾക്ക് തുടക്കമായി. 15 ദിവസത്തിനകം മറുപടി നൽകണമെന്നാണ് നിർദേശം.
2023 മേയ് 24നു നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നതോടെ ഐജി ശ്യാം സുന്ദർ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി വിലയിരുത്തുകയായിരുന്നു.
കഴിഞ്ഞ എട്ടു മാസമായി ദക്ഷിണ മേഖലാ ഐജിയുടെ ഓഫീസിൽ ഇതുമായി ബന്ധപ്പെട്ട ഫയൽ കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. അഡീഷണൽ എസ്പി ശശിധരന്റെ അന്വേഷണത്തിൽ രതീഷ് കുറ്റക്കാരനെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇത് ഫയലിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇതേത്തുടർന്നാണ് രതീഷിന് കാരണംകാണിക്കൽ നോട്ടീസ് നൽകാൻ ഐജി നിർദേശം നൽകിയത്.
പട്ടിക്കാട് ഫുഡ് ആൻഡ് ഫൺ ഹോട്ടൽ മാനേജർ റോണി, ഡ്രൈവർ ലിതിൻ ഫിലിപ്പ് എന്നിവരെ അന്ന് എസ്ഐ ആയിരുന്ന പി.എം. രതീഷ് പീച്ചി പോലീസ് സ്റ്റേഷനിൽവച്ച് മർദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം പുറത്തുവന്നത്.