കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; മൂന്നുപേർ പിടിയിൽ
Saturday, December 2, 2023 2:03 AM IST
എസ്.ആർ. സുധീർകുമാർ
കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നുപേരെ തമിഴ്നാട്ടിലെ തെങ്കാശിയിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ചാത്തന്നൂർ സ്വദേശി പദ്മകുമാറിനെയും ഭാര്യയെയും മകളെയുമാണ് അന്വേഷണസംഘം പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് ക്യൂ ബ്രാഞ്ച് പോലീസിന്റെ സഹായത്തോടെ കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ സ്പെഷൽ സ്ക്വാഡ് ആണ് ഇന്നലെ ഉച്ചകഴിഞ്ഞ് 2.45-ന് തെങ്കാശി പുളിയറയിലെ ലോഡ്ജിൽനിന്ന് ഇവരെ പിടികൂടിയത്. ഇവിടെനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തന്ത്രപരമായ നീക്കത്തിലൂടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവർ എത്തിയ നീല കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
പിടിയിലായവരെയും കാറും വൈകുന്നേരത്തോടെ അടൂർ കെഎപി ക്യാമ്പിൽ എത്തിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ ക്യാമ്പിൽ എത്തി പദ്മകുമാറിനെ ചോദ്യംചെയ്തു. കുട്ടിയെ തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതു താനാണെന്നും സംഭവത്തിൽ ഭാര്യക്കും മകൾക്കും പങ്കില്ലെന്നുമാണ് ആദ്യഘട്ടത്തിൽ ഇയാൾ മൊഴി നൽകിയത്. പിന്നീട് ഭാര്യയുടെയും മകളുടെയും സാന്നിധ്യത്തിലും ചോദ്യം ചെയ്യൽ നടന്നു.
സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ഏതു തരത്തിലുള്ള ഇടപാടാണു നടന്നത് എന്ന കാര്യത്തിൽ പോലീസ് വ്യക്തത തേടുകയാണ്. സഹായികളായ സ്ത്രീകൾ ആരൊക്കെ, സംഭവത്തിൽ കൂടുതൽ പേർക്കു പങ്കുണ്ടോ എന്നീ കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നു. പദ്മകുമാറും സംഘവും ഇന്നലെ വൈകുന്നേരത്തോടെയാണ് തെങ്കാശിയിൽ എത്തിയത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം പാരിപ്പള്ളി കുളമടയിലെ കടയിൽ എത്തിയ ഓട്ടോറിക്ഷയും ഡ്രൈവറെയും ഇന്നലെ ഉച്ചയോടെ കല്ലുവാതുക്കൽനിന്ന് കസ്റ്റഡിയിൽ എടുത്തിരുന്നു. ഓട്ടോ ഡ്രൈവറുടെ മൊഴിയും പരവൂരിൽനിന്നു ലഭിച്ച സിസി ടിവി ദൃശ്യങ്ങളും കുട്ടിയുടെ പിതാവിന്റെ ഫോണിൽനിന്നു ലഭിച്ച ചില വിവരങ്ങളുമാണ് അന്വേഷണം പദ്മകുമാറിലേക്ക് എത്താൻ സഹായകമായത്.
അതേസമയം, വ്യാഴാഴ്ച രാവിലെയും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിന് പദ്മകുമാർ കൊല്ലം നഗരത്തിലെത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർക്കു വിവരം ലഭിച്ചിട്ടുണ്ട്.
തെങ്കാശിയിൽനിന്ന് പിടിയിലായവരിൽ സ്ത്രീയുടെ ചിത്രങ്ങൾ പൂയപ്പള്ളി പോലീസ് കുട്ടിയെയും സഹോദരനെയും കാണിച്ചെങ്കിലും അവർക്ക് തിരിച്ചറിയാൻ സാധിച്ചില്ല. പിന്നീട് ഫോട്ടോകൾ പ്രിന്റ് എടുത്ത് കാണിച്ചിട്ടും പരിചയമില്ല എന്നാണ് ഇരുവരും മറുപടി നൽകിയത്. കുട്ടിയുടെ പിതാവ് റെജിയിൽനിന്ന് ഇന്നലെ കൊട്ടാരക്കര റൂറൽ പോലീസ് വീണ്ടും വിശദമായി മൊഴിയെടുപ്പും നടത്തി.
രേഖാചിത്രം തുണച്ചു ; പദ്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു
പൂയപ്പള്ളിയിൽനിന്ന് എത്തിയ പോലീസ് സംഘം 11 ചിത്രങ്ങൾ കാണിച്ചപ്പോൾ അതിൽനിന്ന് കുട്ടി ഉടൻതന്നെ പദ്മകുമാറിനെ തിരിച്ചറിഞ്ഞു. ഇയാളുടെ ഒറിജിനൽ ചിത്രവുമായി വളരെ സാമ്യമുണ്ടായിരുന്നു രേഖാചിത്രത്തിന്. മാത്രമല്ല, പോലീസ് കസ്റ്റഡിയിലുള്ള ഓട്ടോറിക്ഷ ഡ്രൈവറും വ്യാജ നമ്പർപ്ലേറ്റ് കാറിൽ ഘടിപ്പിക്കാൻ സഹായിച്ച ചിറക്കര സ്വദേശിയും പദ്മകുമാറിന്റെ ഫോട്ടോ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇനി ഇയാളുടെ സഹായികൾ ആരൊക്കെ എന്നതു കൂടി അറിയേണ്ടതുണ്ട്. രാത്രി വൈകിയും ചോദ്യംചെയ്യൽ തുടരുകയാണ്.
കുട്ടിയെ താമസിപ്പിച്ചത് ചിറക്കരയിലെ വീട്ടിൽ
ഓയൂരിൽനിന്ന് തട്ടിക്കൊണ്ടു വന്ന ആറ് വയസുകാരിയെ സംഘം താമസിപ്പിച്ചത് പദ്മകുമാറിന്റെ ഉടമസ്ഥതയിലുള്ള ചിറക്കരയിലെ വീട്ടിൽ. ഒറ്റ നിലയുള്ള ഓടിട്ട വലിയ വീടാണിത്. ഈ വീടിനെക്കുറിച്ച് കുട്ടിയും പോലീസിനോട് വ്യക്തമായി സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി പോലീസ് സംഘം ഏറ്റവും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതും ചിറക്കരയിലാണ്.
കുട്ടിയെ തട്ടിക്കൊണ്ടുപോയതിനു ശേഷം ദേശീയ പാതയിൽ കല്ലുവാതുക്കൽ എത്തിയിട്ട് കൊല്ലം, തിരുവനന്തപുരം ഭാഗത്തേക്കു പോകാതെ ചിറക്കരയിലേക്കുള്ള വഴിയാണ് തെരഞ്ഞെടുത്തത്. ഇതിൽ പോലീസിന് വലിയ സംശയമാണ് ഉണ്ടായിരുന്നത്. സംഘം കുട്ടിയുമായി പോയത് ചിറക്കരയിലെ വീട്ടിലേക്കാണെന്ന് ഇതോടെ വ്യക്തമായി.
മാത്രമല്ല, സംഘം ഉപയോഗിച്ച വെളുത്ത സ്വിഫ്റ്റ് ഡിസയർ കാറും നീല കാറും പദ്മകുമാറിന്റെ വീട്ടിൽ ഉണ്ടായിരുന്നവയാണ്. പോലീസ് അന്വേഷണം തുടങ്ങിയപ്പോൾ വ്യാജ നമ്പർപ്ലേറ്റ് മാറ്റി സ്വിഫ്റ്റ് കാർ വീട്ടിലെ പോർച്ചിൽ കൊണ്ടിട്ടു. പിന്നീട് നീല കാറിലായിരുന്നു യാത്ര.
കുട്ടിയെ ആശ്രാമം മൈതാനിയിൽ ഉപേക്ഷിക്കുന്നതിന് മുമ്പ് സംഘം കൊല്ലം നഗരത്തിൽ എത്തിയത് ഈ കാറിലാണ്. പോലീസ് പിന്തുടരുന്നു എന്നു സൂചനകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇയാൾ കുടുംബസമേതം തെങ്കാശിക്ക് കടന്നതും നീല കാറിലാണ്.
അപ്പോഴും ആരിലും സംശയം ജനിപ്പിക്കാതെ വെളുത്ത കാർ വീട്ടിൽതന്നെ ഉണ്ടായിരുന്നു. തട്ടിക്കൊണ്ടുപോകലിൽ പദ്മകുമാർ മുഖ്യപ്രതി ആകുന്നതോടെ ഈ രണ്ട് കാറുകളും കേസിലെ പ്രധാന തൊണ്ടിമുതലുകളാകും.
പദ്മകുമാറിന്റെ ഭാര്യക്കും മകൾക്കും പങ്കുണ്ടെന്ന്
തട്ടിക്കൊണ്ടു പോകലിൽ പദ്മകുമാറിന്റെ ഭാര്യ അനിതയ്ക്കും മകൾ അനുപമയ്ക്കും പങ്കുണ്ടെന്ന് പോലീസ്. ഇവരും കുറ്റകൃത്യത്തിൽ പങ്കെടുത്തതിനാൽ പ്രതികളാണ്.
തട്ടിക്കൊണ്ടു പോകലിനു ഒരു വർഷത്തെ ആസൂത്രണം ഉണ്ടായിരുന്നെന്നും പദ്മകുമാർ മൊഴി നൽകിയിട്ടുണ്ട്. 10 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. അത് പരിഹരിക്കാനാണ് തട്ടിക്കൊണ്ടു പോകൽ നടത്തിയത്. സംഭവ ദിവസം 10 ലക്ഷം രൂപ നൽകിയാൽ കുട്ടിയെ വിട്ടു നൽകാമെന്ന കത്ത് എഴുതി വച്ചിരുന്നു. അത് കുട്ടിയുടെ സഹോദരന് കൈമാറാൻ ശ്രമിച്ചങ്കിലും സാധിച്ചില്ല എന്നും പദ്മകുമാർ മൊഴി നൽകി.
കുട്ടിയുടെ പിതാവുമായി വൈരാഗ്യമുണ്ടെന്ന് മൊഴി
കൊല്ലം: കുട്ടിയുടെ പിതാവുമായി വൈരാഗ്യമുണ്ടെന്ന് പദ്മകുമാർ അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ മൊഴി നൽകി. മകളുടെ നഴ്സിംഗ് പ്രവേശന ആവശ്യത്തിന് റെജിക്ക് പണം നൽകിയിരുന്നു. അഞ്ചു ലക്ഷം രൂപയാണ് കൊടുത്തത്. എന്നാൽ, കാര്യം നടന്നില്ല.
പണം തിരികെ ചോദിച്ചപ്പോൾ അയാൾ ധിക്കാരപരമായാണ് സംസാരിച്ചത്. പണം തിരികെ ലഭിക്കാത്തതു കാരണമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നും പദ്മകുമാർ പറയുന്നു. ഇത് പൂർണമായും അന്വേഷണ ഉദ്യോഗസ്ഥർ മുഖവിലയ്ക്കെടുത്തിട്ടില്ല.
തട്ടിക്കൊണ്ടുപോയത് ക്വട്ടേഷൻ സംഘം?
കൊല്ലം: കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ പദ്മകുമാർ ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയതായി സംശയം. അവരുടെ നിർദേശാനുസരണമാണ് ഇയാൾ കരുക്കൾ നീക്കിയതെന്ന് അന്വേഷണ സംഘം കരുതുന്നു. എന്നാൽ തട്ടിക്കൊണ്ടുപോകൽ വിജയകരമായി നടപ്പിലാക്കിയ ഈ സംഘത്തക്കുറിച്ച് ഇയാൾ ഒന്നും വെളിപ്പെടുത്തിയിട്ടില്ല.
ചാത്തന്നൂരിലും ചിറക്കരയിലും രണ്ട് വീടുകൾ, ചിറക്കരയിൽ വിശാലമായ ഫാം ഹൗസ്, സ്വന്തമായി മൂന്ന് വാഹനങ്ങൾ എന്നിവയും കൂടാതെ മറ്റ് സൗകര്യങ്ങളുമുള്ള വ്യക്തി കേവലം അഞ്ച് ലക്ഷം രൂപയ്ക്കായി കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കില്ല എന്നാണ് പോലീസ് നിഗമനം.
അതിനപ്പുറം സാമ്പത്തികം അടക്കമുള്ള മറ്റ് ഇടപാടുകൾ നടന്നിട്ടുണ്ടാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. ഇതിന് വ്യക്തമായ ഉത്തരം നൽകേണ്ടത് കുട്ടിയുടെ പിതാവാണ്. തനിക്ക് ശത്രുക്കളോ ആരോടും വിരോധമോ ഇല്ലന്നാണ് പിതാവ് പോലീസിനോട് പറഞ്ഞിട്ടുള്ളത്. പദ്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ പിതാവിൽ നിന്ന് പോലീസ് വീണ്ടും മൊഴിയെടുക്കും.
ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു
ചാത്തന്നൂർ: ഓയൂരിൽനിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുവന്ന സംഘം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഡ്രൈവർ കല്ലുവാതുക്കൽ മണ്ണയം സ്വദേശി സലാവുദീനും പോലീസ് കസ്റ്റഡിയിലാണ്.
സലാവുദീനെ പോലീസ് ചോദ്യംചെയ്തു വരികയാണ്. ഇന്നലെ രാവിലെ 11 ഓടെ ചിറക്കര ക്ഷേത്രത്തിനു സമീപത്തുനിന്നാണ് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തത്.സംഭവം അറിഞ്ഞിട്ടും പോലീസിനോടോ മറ്റ് ആരോടെങ്കിലുമോ പറയാതിരുന്നത് ഭയന്നിട്ടാണെന്നാണ് സലാവുദീൻ മൊഴി നല്കിയിരിക്കുന്നത്.
കല്ലുവാതുക്കലിലും പരിസരത്തുമുള്ള ഇറച്ചിവില്പന കേന്ദ്രങ്ങളിൽ ഇറച്ചി എത്തിക്കുന്നത് സലാവുദീനാണ്. ചിറക്കരയിൽ ഇറച്ചി എത്തിച്ചപ്പോഴാണ് ഓട്ടോ പോലീസ് കസ്റ്റഡിയിലെടുത്തത്.