വിവാദം കൊടിയേറുമോ!, ഇപിയുടെ ആത്മകഥ വരുന്നു
Sunday, October 12, 2025 1:31 AM IST
കണ്ണൂര്‍: പാർട്ടിയെയും നേതാക്കളെയും ഏറെ പ്രതിരോധത്തിലാക്കുന്നതുൾപ്പെടെയുള്ള പരാമർശങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവാദത്തിനൊടുവിൽ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്റെ ആത്മകഥ പുറത്തിറങ്ങുന്നു.
‘ഇതാണെന്റെ ജീവിതം’ എന്ന പേരിലുള്ള പുസ്തകത്തിന്റെ പ്രകാശനം അടുത്ത മാസം മൂന്നിന് നടക്കും. കണ്ണരിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം നിർവഹിക്കും. മാതൃഭൂമിയാണ് പ്രസാധകർ.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് ദിവസം ‘കട്ടൻ ചായയും പരിപ്പുവടയും’ എന്ന പേരിൽ ഇ.പി.യുടെ ആത്മകഥ പുറത്തിറങ്ങുന്നെന്ന രീതിയിൽ വാർത്തകൾ വന്നത് സിപിഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. ആത്മകഥ പ്രസിദ്ധീകരിക്കാൻ കേരളത്തിലെ ഒരു പ്രമുഖ പ്രസാധകരെ ഏൽപ്പിച്ചതിന്റെ പേജുകളായിരുന്നു പുറത്തായത്.
സംഭവം വിവാദമായതോടെ ഈ പ്രസാധകരെ ഒഴിവാക്കുകയായിരുന്നു. ഇപ്പോൾ ആത്മകഥയുടെ ഉള്ളടക്കം പാർട്ടി നേതൃത്വത്തിന് സമർപ്പിച്ച് സമ്മതത്തോടു കുടിയാണ് പുറത്തിറക്കുന്നതെന്നാണ് വിവരം.
‘കട്ടൻ ചായയും പരിപ്പുവടയും’ എന്ന പേരിൽ പുറത്തിറങ്ങാനിരിക്കുന്നുവെന്ന പുസ്തകത്തിൽ രണ്ടാം പിണറായി സർക്കാർ ദുർബലമാണ്, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്ക് വീഴ്ച പറ്റി, ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി താൻ കൂടിക്കാഴ്ച നടത്തിയത് വിവാദമാക്കിയതിനു പാർട്ടിക്കുള്ളിലെ ചിലരുടെ ഗൂഢാലോചനയുണ്ട് എന്നീ കാര്യങ്ങളുടെ പരാമർശമുണ്ടെന്നായിരുന്നു ആരോപണം.
എന്നാൽ ഇതൊക്കെ ഇ.പി. അന്നുതന്നെ നിഷേധിച്ചിരുന്നു. ആത്മകഥയില്‍ തെറ്റായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രചരിപ്പിച്ചതിനെതിരേ ആദ്യം പ്രസിദ്ധീകരണത്തിന് ഏൽപിച്ച പ്രസാധകർക്കെതിരേ അദ്ദേഹം നിയമനടപടിയും സ്വീകരിച്ചിരുന്നു