വർഗീയതപോലെയുള്ള വിപത്തുകളെ ഗൗരവത്തോടെ കാണണം: മുഖ്യമന്ത്രി
Sunday, October 12, 2025 1:31 AM IST
രാമവർമപുരം (തൃശൂർ): വർഗീയതപോലെയുള്ള വിപത്തുകളെ ഗൗരവമായി കാണണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ലഹരിപോലെയുള്ള സാമൂഹികവിപത്തുകളെയും ഗൗരവമായി കാണണമെന്നും ഇവയെല്ലാം പൂർണമായി ഉന്മൂലനം ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിശീലനം പൂർത്തിയാക്കിയ 31 സി ബാച്ചിലെ 104 സബ് ഇൻസ്പെക്ടർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ക്രമസമാധാനപരിപാലനം, ശാസ്ത്രീയകുറ്റാന്വേഷണം, സൈബർ കേസന്വേഷണം മേഖലകളിലെല്ലാം രാജ്യത്തു കേരള പോലീസ് ഒന്നാംസ്ഥാനത്താണ്. പോലീസ് സേനയുടെ അടിസ്ഥാനസൗകര്യം വർധിപ്പിക്കുന്നതിനും ശാസ്ത്രീയ കുറ്റാന്വേഷണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സൈബർ ഫോറൻസിക് മേഖലയിൽ ആധുനികപരിശീലനം ഏർപ്പെടുത്തുന്നതിനും വനിതാപ്രാതിനിധ്യം ഉറപ്പാക്കി സേനയിലെ അംഗബലം വർധിപ്പിക്കുന്നതിനും ഈ കാലയളവിൽ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുറ്റകൃത്യങ്ങൾ തടയുക മാത്രമല്ല പോലീസിന്റെ ചുമതല. അത്യാവശ്യഘട്ടങ്ങളിൽ ജനങ്ങളോടൊപ്പം നിൽക്കേണ്ടതും അവരെ വിശ്വാസത്തിലെടുത്തു പ്രവർത്തിക്കേണ്ടതും അനിവാര്യമാണ്. ഇതു പ്രവൃത്തിയിലൂടെ കേരള പോലീസ് തെളിയിച്ചിട്ടുണ്ട്. ഈ നിലയിലുള്ള സോഷ്യൽ പോലീസിംഗ് നടത്തുന്ന സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പ്രശംസിച്ചു.
പി. ബാലചന്ദ്രൻ എംഎൽഎ, കോർപറേഷൻ കൗണ്സിലർ രാജശ്രീ ഗോപൻ, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, അക്കാദമി ഡയറക്ടർ സേതുരാമൻ, എഡിജിപി എസ്. ശ്രീജിത്ത്, തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ, തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, റൂറൽ എസ്പി എസ്. കൃഷ്ണകുമാർ, ഐആർബി കമൻഡാന്റ് പി. വാഹിദ്, അസിസ്റ്റന്റ് ഡയറക്ടർമാരായ എസ്. ശശിധരൻ, മൊയ്തീൻകുട്ടി, പി.എം. മുഹമ്മദ് ഹാരിസ്, എസ്. നജീബ് എന്നിവർ പങ്കെടുത്തു.
ബെസ്റ്റ് ഇൻഡോർ കാറ്റഗറിയിൽ ഒ.എം. സൈദയും ബെസ്റ്റ് ഔട്ട്ഡോർ വിഭാഗത്തിൽ എം. ശ്രീജിത്തും ബെസ്റ്റ് ഷൂട്ടറായി ബിനോയ് ബേബിയും ബെസ്റ്റ് ഓൾറൗണ്ടറായി ഒ.എം. സൈദയും മുഖ്യമന്ത്രിയിൽനിന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
104 സേനാംഗങ്ങളിൽൽ 90 പുരുഷന്മാരും 14 വനിതകളും ഉൾപ്പെടുന്നു. 59 ബിരുദധാരികളും 12 ബിരുദാനന്തരബിരുദക്കാരും മൂന്ന് എംബിഎക്കാരും ഒരു എംസിഎ യോഗ്യതയുള്ളയാളുമുണ്ട്.
ബിഇ, ബിടെക് യോഗ്യതയുള്ള 26 പേരും എംഎസ്ഡബ്ല്യു യോഗ്യതയുള്ള രണ്ടാളും എംടെക് നേടിയ ഒരാളുമുണ്ട്.