പല ഗവർണർമാർക്കും ആർഎസ്എസ് ബന്ധമുണ്ടെന്ന് ഇ.പി. ജയരാജൻ
Monday, January 20, 2020 12:04 AM IST
തിരുവനന്തപുരം: പല ഗവർണർമാർക്കും ആർഎസ്എസ് ബന്ധമുണ്ടെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആവശ്യമില്ലാത്ത സ്ഥലങ്ങളിലൊക്കെ അഭിപ്രായങ്ങൾ പറഞ്ഞ് പ്രശ്നങ്ങൾ സങ്കീർണമാക്കുകയല്ല ഗവർണർമാർ ചെയ്യേണ്ടത്. ഇടയ്ക്കുണ്ടാകുന്ന പ്രശ്നങ്ങൾ നിരീക്ഷിച്ചറിയാൻ ശ്രമിക്കണം. രാജ്യം അപകടകരമായ അവസ്ഥയിൽ സഞ്ചരിക്കുകയാണ്. തുടർച്ചയായ വർഗീയ ധ്രുവീകരണമുണ്ടാക്കാനാണ് സംഘപരിവാറും ബിജെപിയും ശ്രമിക്കുന്നത്. കേരളത്തിന്റെ നിലപാടുകൾ അതിൽനിന്നെല്ലാം വ്യത്യസ്തമാണ്. രാജ്യത്തിന്റെ മതിരപേക്ഷത സംരക്ഷിക്കാൻ ജനങ്ങൾക്കൊപ്പമാണ് സംസ്ഥാന സർക്കാർ.
എന്നാൽ, ഇവിടെ ചിലരുടെ പ്രാസ്താവനകൾ അപക്വമാണ്. പ്രതിപക്ഷം ശരിയായ പ്രതിപക്ഷമാകണം. ശരിയായ കാര്യങ്ങൾ പ്രതിപക്ഷം ചെയ്യാൻ തയാറായാൽപോലും മുന്നണിയിലെ പ്രധാന പാർട്ടിയുടെ നേതൃത്വം അതിനെ എതിർക്കുന്നു. അവർ സംഘപരിവാറിനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിക്കുന്പോൾ മുസ്ലിംലീഗിനെപ്പോലുള്ള സംഘടനകൾ അതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നത് എന്തിനാണെന്നും മന്ത്രി പറഞ്ഞു.