റയല്‍ മാഡ്രിഡിനെ കീഴടക്കി ആഴ്സണല്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോൾ സെമിയില്‍
Friday, April 18, 2025 12:51 AM IST
മാഡ്രിഡ്/മിലാന്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2024-25 സീസണില്‍ പീരങ്കിപ്പടയുടെ പടയോട്ടം. റിക്കാര്‍ഡ് പ്രാവശ്യം (15) ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയ, നിലവിലെ ചാമ്പ്യന്മാര്കൂടിയായ റയല്‍ മാഡ്രിഡിനെ കീഴടക്കി പീരങ്കിപ്പടയായ ആഴ്സണല്‍ സെമി ഫൈനലിലേക്കു മുന്നേറി.
രണ്ടാംപാദ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ റയലിനെ അവരുടെ തട്ടകത്തില്‍വച്ച് 2-1നു കീഴടക്കിയാണ് ആഴ്സണലിന്റെ കുതിപ്പ്. സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യപാദത്തില്‍ ആഴ്സണല്‍ 3-0നു ജയിച്ചിരുന്നു.
ആറു തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയ പാരമ്പര്യമുള്ള ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിനെ ക്വാര്‍ട്ടറില്‍ കീഴടക്കി ഇറ്റാലിയന്‍ സംഘമായ ഇന്റര്‍ മിലാനും സെമിയിലെത്തി.
റയല്‍ 1-2 ആഴ്സണല്‍ (1-5)
ആദ്യപാദത്തിലെ വമ്പന്‍ ജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഇംഗ്ലീഷ് ക്ലബ്ബായ ആഴ്സണല്‍ രണ്ടാംപാദത്തിനായി സ്പെയിനിലെ മാഡ്രിഡില്‍ ഇറങ്ങിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം ബുക്കായോ സാക്കയുടെ (65’) ഗോളില്‍ ഗണ്ണേഴ്സ് ലീഡ് നേടി. എന്നാല്‍, വിനീഷ്യസ് ജൂണിയര്‍ (67’) റയലിനായി ഗോള്‍ മടക്കി. ഇഞ്ചുറി ടൈമില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയുടെ (90+3’) ഗോളില്‍ ആഴ്സണല്‍ ആര്‍ത്തുല്ലസിച്ചു. ഇരുപാദങ്ങളിലുമായി 5-1ന്റെ ആധികാരിക ജയത്തോടെ ഇംഗ്ലീഷ് സംഘം സെമിയില്‍.
16 വര്‍ഷത്തിനുശേഷം
നീണ്ട 16 വര്‍ഷത്തിനുശേഷമാണ് ആഴ്സണല്‍ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിക്കുന്നത്. ചരിത്രത്തില്‍ മൂന്നാം തവണയാണ് ആഴ്സണല്‍ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിക്കുന്നതെന്നതും ശ്രദ്ധേയം. 2008-09 സീസണിലായിരുന്നു ഇതിനു മുമ്പ് ഗണ്ണേഴ്സ് അവസാന നാലില്‍ ഇടംപിടിച്ചത്. 2003-04നുശേഷം ആദ്യമായാണ് റയല്‍ ക്വാര്‍ട്ടറില്‍ പുറത്താകുന്നതെന്നതും വാസ്തവം.
ഇന്റര്‍ 2-2 ബയേണ്‍ (4-3)
ആദ്യപാദ ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്കിനെ 2-1നു കീഴടക്കിയ ഇന്റര്‍ മിലാന് സ്വന്തം തട്ടകത്തില്‍ നടന്ന രണ്ടാംപാദത്തില്‍ 2-2 സമനിലയില്‍ കളംവിട്ടു. അതോടെ ഇരുപാദങ്ങളിലുമായി 4-3ന്റെ ജയത്തോടെ ഇന്റര്‍ സെമിയിലേക്കു മുന്നേറി. ലൗതാരോ മാര്‍ട്ടിനെസ് (58’), ബെഞ്ചമിന്‍ പവാര്‍ഡ് (61’) എന്നിവര്‍ ഇന്ററിനായും ഹാരി കെയ്ന്‍ (52’), എറിക് ഡയര്‍ (76’) എന്നിവര്‍ ബയേണിനായും രണ്ടാംപാദത്തില്‍ ഗോള്‍ നേടി.
ആഴ്സണല്‍ x പിഎസ്ജി; ബാഴ്സ x ഇന്റര്‍
ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ ചിത്രം തെളിഞ്ഞു. റയല്‍ മാഡ്രിഡിനെ കീഴടക്കിയ ആഴ്സണലിന്റെ സെമി ഫൈനല്‍ എതിരാളികള്‍ ഫ്രഞ്ച് ക്ലബ് പിഎസ്ജിയാണ്. ആസ്റ്റണ്‍ വില്ലയെയാണ് പിഎസ്ജി ക്വാര്‍ട്ടറില്‍ മറികടന്നത്. കന്നി ചാമ്പ്യന്‍സ് ലീഗ് കിരീടമാണ് ആഴ്സണലിന്റെയും പിഎസ്ജിയുടെയും ലക്ഷ്യം.
ബയേണിനെ തോല്‍പ്പിച്ച് സെമിയിലെത്തിയ ഇന്റര്‍, ഫൈനല്‍ ടിക്കറ്റിനായി സ്പാനിഷ് ഗ്ലാമര്‍ ടീമായ ബാഴ്സലോണയെ നേരിടും. ജര്‍മന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെയാണ് ക്വാര്‍ട്ടറില്‍ ബാഴ്സലോണ മറികടന്നത്. ബാഴ്സ അഞ്ചും ഇന്റര്‍ മൂന്നും തവണ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായിട്ടുണ്ട്. ഏപ്രില്‍ 30, മേയ് ഒന്ന് തീയതികളിലാണ് ആദ്യപാദ സെമി പോരാട്ടങ്ങള്‍.