സൂപ്പര്‍ സ്റ്റാര്‍ക്കിന്റെ പിന്കാല് നോബോള്‍
Friday, April 18, 2025 12:51 AM IST
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണില്‍ സൂപ്പര്‍ ഓവറിലേക്ക് ആവേശം നീണ്ട ആദ്യ മത്സരമായിരുന്നു ഡല്‍ഹി ക്യാപ്പിറ്റല്‍സും രാജസ്ഥാന് റോയല്‍സും തമ്മില്‍ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ അരങ്ങേറിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്കും (188/5) പിന്തുടര്‍ന്ന രാജസ്ഥാന് റോയല്‍സിനും (188/4) നിശ്ചിത 20 ഓവറില്‍ ജയം നേടാനായില്ല. അവസാന ഓവറില്‍ ഒമ്പത് റണ്‍സായിരുന്നു രാജസ്ഥാനു ജയിക്കാന്‍ വേണ്ടിയിരുന്നത്. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ അവസാന ഓവറില്‍ ഒരു ബൗണ്ടറിപോലും പിറന്നില്ല. അവസാന പന്തില്‍ രണ്ടു റണ്‍സ് വേണ്ടപ്പോള്‍, രണ്ടാം റണ്ണിനുള്ള ഓട്ടത്തിനിടെ വിക്കറ്റും വീണു.
സൂപ്പര്‍ ഓവറിലേക്ക് മത്സരം നീട്ടാന്‍ ഡല്‍ഹിയെ സഹായിച്ചത് 20-ാം ഓവറില്‍ സ്റ്റാര്‍ക്കിന്റെ പ്രകടനം. അതേസമയം, രാജസ്ഥാന്റെ ബൗളിംഗില്‍ 20-ാം ഓവര്‍ എറിഞ്ഞ സന്ദീപ് ശര്‍മ നാലു വൈഡും ഒരു നോബോളും എറിഞ്ഞതില്‍ ഒരെണ്ണം കുറച്ചിരുന്നെങ്കില്‍ എന്നൊരു മറുചിന്തയും ഉയര്‍ന്നു... ഏതായാലും സ്റ്റാര്‍ക്ക് പ്ലെയര്‍ ഓഫ് ദ മാച്ചായ മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് സൂപ്പര്‍ ഓവറില്‍ ജയം സ്വന്തമാക്കി.
പിന്കാല് നോബോള്‍
സൂപ്പര്‍ ഓവര്‍ പോരാട്ടത്തില്‍ ഡല്‍ഹിക്കായി പന്ത് എറിയാന്‍ എത്തിയത് മിച്ചല്‍ സ്റ്റാര്‍ക്ക്. നാലാം പന്ത് ഫുള്‍ടോസ്. റിയാന്‍ പരാഗിന്റെ ബാറ്റില്‍നിന്ന് പന്ത് ബൗണ്ടറി കടന്നു. തൊട്ടുപിന്നാലെ അമ്പയര്‍ നോബോള്‍ വിളിച്ചു. അതും സ്റ്റാര്‍ക്കിനെതിരേ പിന്കാല് നോബോള്‍. അമ്പരപ്പോടെയാണ് സ്റ്റാര്‍ക്ക് അമ്പയറിന്റെ തീരുമാനം അംഗീകരിച്ചത്. സ്റ്റാര്‍ക്ക് പന്ത് റിലീസ് ചെയ്തപ്പോള്‍ പിന്കാല് റിട്ടേണ്‍ ക്രീസില്‍ മുട്ടി എന്നതായിരുന്നു നോബോള്‍ വിളിക്കാനുണ്ടായ കാരണം.
നിയമം ഇങ്ങനെ...
ക്രിക്കറ്റില്‍ ബൗളര്‍ പന്ത് എറിയുമ്പോള്‍ അദ്ദേഹത്തിന്റെ കാലുകള്‍ പൂര്‍ണമായി റിട്ടേണ്‍ ക്രീസിന് ഉള്ളില്‍ ആയിരിക്കണം എന്നു പിന്കാല് നോബോള്‍ നിയമം അനുശാസിക്കുന്നു. ബൗളറുടെ കാല് റിട്ടേണ്‍ ക്രീസില്‍ മുട്ടാനോ കടന്നുപോകാനോ പാടില്ല. അങ്ങനെ സംഭവിച്ചാല്‍ നോബോള്‍ വിളിക്കാം. തുടര്‍ന്നുള്ള പന്ത് ഫ്രീ ഹിറ്റ് ആയിരിക്കും.
ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും തുല്യപ്രാധാന്യത്തോടെ ഫെയര്‍ പ്ലേ ഉറപ്പുവരുത്തുകയാണ് ഇതിന്റെ ലക്ഷ്യം.
മൂന്നു തരം നോബോള്‍
ബൗളര്‍ പന്ത് റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് (ഫീല്‍ഡിംഗ്, ഓവര്‍ ബൗണ്‍സ്, വിക്കറ്റില്‍ ടച്ച് ചെയ്യുന്നത് തുടങ്ങിയവ പരിഗണിക്കാതെ) മൂന്നുതരം നോബോളുകളാണ് ക്രിക്കറ്റില്‍ ഉള്ളത്.
1. ഫ്രണ്ട് ഫൂട്ട് നോബോള്‍. പോപ്പിംഗ് ക്രീസ് കടന്ന് ഫ്രണ്ട് ഫൂട്ട് മുന്നോട്ടു പോകുമ്പോള്‍.
2. ബാക്ക് ഫുട്ട് നോബോള്‍. റിട്ടേണ്‍ ക്രീസില്‍ തൊട്ടും അതിനു പുറത്തുമായി പിന്കാല് വരുമ്പോള്‍.
3. ഇമാജിനറി മിഡില്‍ സ്റ്റംപ് നോബോള്‍. ബൗളിംഗ് എന്‍ഡിലെ മിഡില്‍ സ്റ്റംപ് മറച്ചുകൊണ്ട് പന്ത് റിലീസ് ചെയ്യുമ്പോള്‍.