പിടിച്ചുകെട്ടി
Friday, April 18, 2025 12:51 AM IST
മുംബൈ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണില്‍ 300 റണ്‍സ് കുറിക്കുമെന്നു തോന്നിപ്പിച്ച സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്കോര്‍ 200ല്‍ എത്തിക്കാന്‍ വിഷമിക്കുന്നു.
മുംബൈ ഇന്ത്യന്‍സിന് എതിരേ ഇന്നലെ ഹൈദരാബാദിന്റെ സ്കോര്‍ 20 ഓവറില്‍ 162/5. 18-ാം ഐപിഎല്‍ സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിന് എതിരേയും (286/6) പിന്നീട് പഞ്ചാബ് കിംഗ്സ് ഇലവന് എതിരേയും (247/2) മാത്രമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് 200 കടന്നത്.
മുംബൈ ഇന്ത്യന്‍സിന് എതിരേ ടോസ് നഷ്ടപ്പെട്ട സണ്‍റൈസേഴ്സ് ഹൈദരാബാദിന് ആദ്യം ക്രീസില്‍ എത്തേണ്ടിവന്നു. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും (28 പന്തില്‍ 40) ട്രാവിസ് ഹെഡും (29 പന്തില്‍ 28) മികച്ച തുടക്കം നല്കി. 7.3 ഓവറില്‍ 59 റണ്‍സ് നേടിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്.
ട്രാവിസ് ഹെഡിന്റെ മെല്ലപ്പോക്ക് സണ്‍റൈസേഴ്സിനെ പ്രതികൂലമായി ബാധിച്ചു. മൂന്നാം നമ്പറായി ക്രീസിലെത്തിയ ഇഷാന് കിഷനു (2) തിളങ്ങാന്‍ സാധിച്ചില്ല. നിതീഷ് കുമാര്‍ റെഡ്ഡിയെയും (21 പന്തില്‍ 19) ഹെന്റിച്ച് ക്ലാസനെയും (28 പന്തില്‍ 37) വരിഞ്ഞു മുറുക്കി മുംബൈ ഇന്ത്യന്‍സ് ബൗളര്‍മാര്‍ കളംവാണു.
മുംബൈക്കുവേണ്ടി വില്‍ ജാക്സ് മൂന്ന് ഓവറില്‍ 14 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ബുംറ നാല് ഓവറില്‍ 21 റണ്‍സിനും ട്രെന്റ് ബോള്‍ട്ട് 29 റണ്‍സിനും ഹാര്‍ദിക് പാണ്ഡ്യ 42 റണ്‍സിനും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
ദീപക് ചാഹറിനും (47) ഹാർദിക് പാണ്ഡ്യക്കും (42) മാത്രമാണ് കാര്യമായി പ്രഹരമേറ്റതെന്നതും ശ്രദ്ധേയം. 2025 സീസൺ ട്വന്റി-20 ക്രിക്കറ്റിൽ അഭിഷേക് ശർമ 500 റൺസ് കടന്നു. ഈ വർഷം ട്വന്റി-20യിൽ 500 റൺസ് കടക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് അഭിഷേക്.
മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമയെ ബിസിസിഐ ആദരിച്ചു. ഐപിഎല്ലിന്റെ ഇതുവരെയുള്ള എല്ലാ എഡിഷനിലും കളിച്ച ഏക ക്യാപ്ഡ് പ്ലെയർ എന്ന നേട്ടത്തിനായിരുന്നു രോഹിത്തിനെ ആദരിച്ചത്.