സൂപ്പർ ഓവറിൽ ഡൽഹിക്കു ജയം
Thursday, April 17, 2025 12:40 AM IST
ന്യൂഡല്‍ഹി: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 2025 എഡിഷനിൽ സൂപ്പർ ഓവറിലേക്കു നീണ്ട ആദ്യ ത്രില്ലർ പോരാട്ടത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനു ജയം. സൂപ്പർ ഓവറിലേക്കു നീണ്ട മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസ് രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ചു.
നിശ്ചിത 20 ഓവറിൽ ഇരുടീമും 188 റൺസ് വീതമെടുത്ത് ടൈ കെട്ടിയതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്കു നീണ്ടത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ ഓവറിൽ 11 റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്. അഞ്ച് പന്ത് നേരിടുന്നതിനിടെ രണ്ട് റണ്ണൗട്ടിലൂടെ രാജസ്ഥാൻ സൂപ്പർ ഓവർ പൂർത്തിയാകും മുന്‍പ് പുറത്തായി.
മറുപടിയിൽ സന്ദീപ് ശർമ എറിഞ്ഞ സൂപ്പർ ഓവറിന്റെ നാലാം പന്തിൽ ഡൽഹി ക്യാപ്പിറ്റൽസ് ജയം സ്വന്തമാക്കി. ഡൽഹിയുടെ കെ.എൽ. രാഹുലും (3 പന്തിൽ 7*) ട്രിസ്റ്റൺ സ്റ്റബ്സും (1 പന്തിൽ 6*) സൂപ്പർ ഓവറിൽ ജയം അടിച്ചെടുത്തു. സ്കോർ: ഡൽഹി 188/5 (20). രാജസ്ഥാൻ 188/4 (20). സൂപ്പർ ഓവർ: രാജസ്ഥാൻ 11/2 (0.5). ഡൽഹി 13/0 (0.4)
സഞ്ജു റിട്ടയേര്‍ഡ് ഹര്‍ട്ട്
ഡല്‍ഹി ക്യാപ്പിറ്റല്‍സ് മുന്നോട്ടുവച്ച 189 റണ്‍സ് എന്ന ലക്ഷ്യത്തിനായി ക്രീസിലെത്തിയ രാജസ്ഥാന് റോയല്‍സിനു പരിക്കിന്റെ രൂപത്തില്‍ ആദ്യ തിരിച്ചടി. ക്യാപ്റ്റന്‍ സഞ്ജു സാംസണ് 19 പന്തില്‍ മൂന്നു സിക്സും രണ്ട് ഫോറും അടക്കം 31 റണ്‍സുമായി ക്രീസില്‍ തുടരവേ പരിക്കിനെത്തുടര്‍ന്ന് മൈതാനംവിട്ടു. ഇടത് വാരിയെല്ലുകള്‍ക്ക് ഇടയില്‍ വേദന അനുഭവപ്പെട്ടായിരുന്നു സഞ്ജു പവലിയനിലേക്കു തിരികെ നടന്നത്. അപ്പോൾ 5.3 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 61 റണ്‍സ് എന്നനിലയിലായിരുന്നു രാജസ്ഥാന് റോയല്‍സ്.
സഞ്ജുവിനു പകരം ക്രീസിലെത്തിയ റിയാന്‍ പരാഗ് (8) നിരാശപ്പെടുത്തി. എന്നാല്‍, 37 പന്തില്‍ 51 റണ്‍സ് നേടിയ യശസ്വി ജയ്സ്വാളും 28 പന്തില്‍ 51 റണ്‍സ് നേടിയ നിതീഷ് റാണയും ചേര്‍ന്ന് രാജസ്ഥാനെ ജയത്തിലേക്ക് അടുപ്പിച്ചു. നാലു സിക്സും മൂന്നു ഫോറും അടങ്ങുന്നതായിരുന്നു ജയ്സ്വാളിന്റെ ഇന്നിംഗ്സ്. നിതീഷിന്റേത് രണ്ടു സിക്സും ആറ് ഫോറും അകമ്പടിസേവിച്ചതും. ധ്രുവ് ജുറെൽ (17 പന്തിൽ 26) ഇന്നിംഗ്സിലെ അവസാന പന്തിൽ റണ്ണൗട്ടായതോടെ മത്സരം ടൈയിൽ.
ക്യാപ്റ്റന്റെ കളി
ടോസ് നേടിയ രാജസ്ഥാന് ക്യാപ്റ്റന്‍ സഞ്ജു സാംസണ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ക്രീസിലെത്തിയ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി ഓപ്പണര്‍ അഭിഷേക് പോറല്‍ കടന്നാക്രമണം നടത്തി. അഭിഷേകും ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്കും ചേര്‍ന്ന് ആദ്യവിക്കറ്റില്‍ 2.3 ഓവറില്‍ 34 റണ്‍സ് അടിച്ചുകൂട്ടി. ആറു പന്തില്‍ ഒമ്പത് റണ്‍സ് നേടിയ മക്ഗുര്‍ക്കിനെ യശസ്വി ജയ്സ്വാളിന്റെ കൈകളിലെത്തിച്ച് ജോഫ്ര ആര്‍ച്ചര്‍ രാജസ്ഥാന് റോയല്‍സിനു ബ്രേക്ക്ത്രൂ നല്കി.
അതോടെ ഡല്‍ഹിയുടെ സ്കോറിംഗിനു കടഞ്ഞാന് വീണു. നാലാം ഓവറിന്റെ ആദ്യപന്തില്‍ കരുണ്‍ നായര്‍ (0) റണ്ണൗട്ടായതോടെ ആതിഥേയര്‍ പരുങ്ങലില്‍. എന്നാല്‍, കെ.എല്‍. രാഹുലും അഭിഷേക് പോറലും ചേര്‍ന്ന് സ്കോറിംഗ് ഉയര്‍ത്തി. 32 പന്തില്‍ രണ്ടു സിക്സും രണ്ടു ഫോറും അടക്കം 38 റണ്‍സ് നേടിയ രാഹുലിനെയും ജോഫ്ര ആര്‍ച്ചര്‍ പുറത്താക്കി. ഐപിഎല്ലില്‍ ആര്‍ച്ചര്‍ രാഹുലിനെ പുറത്താക്കിയത് ഇതാദ്യം.
സ്കോര്‍ 105ല്‍ നില്ക്കുമ്പോള് പോറല്‍ പുറത്ത്. 37 പന്തില്‍ ഒരു സിക്സും അഞ്ച് ഫോറും അടക്കം 49 റണ്‍സായിരുന്നു പോറലിന്റെ സമ്പാദ്യം. വനിന്ധു ഹസരെങ്കയ്ക്കായിരുന്നു വിക്കറ്റ്. അതോടെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ അക്സര്‍ പട്ടേലാണ് ഡല്‍ഹി സ്കോര്‍ വേഗത്തിലാക്കിയത്. 14 പന്തില്‍ രണ്ടു സിക്സും നാലു ഫോറും അടക്കം 34 റണ്‍സ് അക്സര്‍ പട്ടേല്‍ അടിച്ചുകൂട്ടി. 242.86 ആയിരുന്നു അക്സറിന്റെ സ്ട്രൈക്ക് റേറ്റ്.
ഡെത്ത് ഓവറില്‍ തകര്‍ത്തടിച്ചു
ട്രിസ്റ്റണ്‍ സ്റ്റബ്സും (18 പന്തില്‍ 34 നോട്ടൗട്ട്) അഷുതോഷ് ശര്‍മയും (11 പന്തില്‍ 15 നോട്ടൗട്ട്) ചേര്‍ന്ന് അവസാന മൂന്ന് ഓവറില്‍ 42 റണ്‍സ് അടിച്ചുകൂട്ടി. 20-ാം ഓവറില്‍ സന്ദീപ് ശര്‍മ നാലു വൈഡും ഒരു നോബോളും എറിഞ്ഞു. 11 പന്തുകളാണ് സന്ദീപ് ആ ഓവറില്‍ എറിഞ്ഞത്. വഴങ്ങിയത് സിക്സും ഫോറും അടക്കം 19 റണ്‍സും.
അവസാന അഞ്ച് ഓവറിലാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് പൊരുതാനുള്ള സ്കോറിലേക്കെത്തിയത്. 15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സായിരുന്നു ഡല്‍ഹിയുടെ സ്കോര്‍ബോര്‍ഡില്‍. തുടര്‍ന്നുള്ള അഞ്ച് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സ് ഡല്‍ഹി അടിച്ചെടുത്തു.