ചഹലിന്റെ സൂപ്പർ സ്പിൻ
Thursday, April 17, 2025 12:40 AM IST
യുസ്വേന്ദ്ര ചഹൽ, പ്രതാപിയായ ഇന്ത്യൻ ലെഗ് സ്പിന്നർ. ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 18-ാം സീസണിൽ 18 കോടിക്ക് പഞ്ചാബ് കിംഗ്സ് ഇലവൻ സ്വന്തമാക്കി. പക്ഷേ, കൈയയച്ച് റണ്‍സ് വിട്ടുകൊടുത്ത് ടീമിന് തലവേദനയായി. നാലോവർ പൂർത്തിയാക്കാൻ ചഹലിന് ക്യാപ്റ്റൻ അവസരവും നൽകിയിരുന്നില്ല.
എന്നാൽ, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോർ (111) പ്രതിരോധിച്ച് കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരേ 16 റൺസ് ജയം നേടാൻ പഞ്ചാബ് കിംഗ്സിനെ സഹായിച്ചത് ചഹലിന്റെ സ്പിൻ തന്ത്രമായിരുന്നു. നാല് ഓവറിൽ 28 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് പിഴുത് പഞ്ചാബിന് ജയമൊരുക്കി കളിയിലെ താരമായി ചഹൽ വിമർശകരുടെ വായടിപ്പിച്ചു.
വേരിയേഷൻ, വേഗം!
ഐപിഎൽ 2025 സീസണിലെ ആദ്യ അഞ്ച് മത്സരങ്ങളിൽ കൈയയച്ച് റണ്‍സ് വിട്ടുകൊടുത്ത ചഹൽ നേടിയത് രണ്ട് വിക്കറ്റ് മാത്രം. എന്നാൽ, കോൽക്കത്തയ്ക്കെതിരേ നടത്തിയത് ശക്തമായ തിരിച്ചുവരവ്. മത്സരത്തിൽ വിക്കറ്റ് വീഴ്ത്തുന്നതിൽ മാത്രമായിരുന്നില്ല ചഹലിന്റെ ശ്രദ്ധ.
സാഹചര്യം മനസിലാക്കി ബാറ്റർമാരെ കുഴപ്പിക്കാൻ അനുഭവ പരിചയം മുതൽക്കൂട്ടായി. ചഹലിന്റെ പന്തിന്റെ വേരിയേഷനും വേഗവും ബാറ്റർമാർക്ക് വെല്ലുവിളിയായി. സാധാരണ 90 കിലോമീറ്റർ സ്പീഡിൽ പന്തെറിയുന്ന താരം കോൽക്കത്ത ബാറ്റർമാർക്കെതിരേ 81 കിലോമീറ്ററിലേക്കു വേഗം കുറച്ചു. ഒപ്പം സ്പിൻ വർധിപ്പിക്കുകയും ചെയ്തു.
റിക്കാർഡും സ്വന്തം
ഐപിഎൽ ചരിത്രത്തിൽ വിക്കറ്റ് വേട്ടയിൽ ഒന്നാമനാണിന്ന് ചഹൽ (211). ഇതുവരെ 200 വിക്കറ്റ് തികച്ച ഏക ബൗളറാണ്. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ പ്രാവശ്യം നാല് വിക്കറ്റ് നേട്ടം കൊയ്ത താരമെന്ന റിക്കാർഡ് കോൽക്കത്തയ്ക്ക് എതിരായ പ്രകടനത്തോടെ ചഹൽ സ്വന്തമാക്കി.
കെകെആറിന് എതിരേ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമെന്ന റിക്കാർഡും ചഹൽ സ്വന്തമാക്കി. ഭുവനേശ്വർ കുമാറിനെയാണ് (32 വിക്കറ്റ്) മറികടന്നത്.