മേൽക്കൈ നേടാൻ;അവസാന സെഷനിൽ പിടിമുറുക്കി ഇന്ത്യ
Friday, December 27, 2024 1:48 AM IST
മെൽബണ്‍: മെൽബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ബോക്സിംഗ് ഡേ ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം സമ്മിശ്രം. ആദ്യ രണ്ടു സെഷനിൽ ഓസീസ് ബാറ്റർമാർ മേൽക്കൈ നേടിയപ്പോൾ അവസാന സെഷൻ ഇന്ത്യൻ പന്തേറുകാർ തിരിച്ചടിക്കുന്നതാണ് കണ്ടത്.
2024-25 സീസണിലെ ബോർഡർ ഗാവസ്കർ ട്രോഫി നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം പത്തൊന്‍പതുകാരനായ സാം കോണ്‍സ്റ്റാസ് ഉൾപ്പെടെ ഓസ്ട്രേലിയയുടെ നാലു മുൻനിര ബാറ്റർമാർ അർധ സെഞ്ചുറി നേടി. ഇതിൽ അരങ്ങേറ്റക്കാരന്റെ യാതൊരു പേടിയുമില്ലാതെ കോണ്‍സ്റ്റാസ്, ജസ്പ്രീത് ബുംറയ്ക്കെതിരേ ആക്രമണ ബാറ്റിംഗാണു കാഴ്ചവച്ചത്. ബുംറ മൂന്നു വിക്കറ്റ് നേടി ആദ്യ ദിനം മികവ് കാഴ്ചവച്ചു.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ 86 ഓവറിൽ ആറു വിക്കറ്റിന് 311 റണ്‍സ് എന്ന നിലയിലാണ്. സ്റ്റീവൻ സ്മിത്തും (68), നായകൻ പാറ്റ് കമ്മിൻസുമാണ് (8) ക്രീസിൽ. കോണ്‍സ്റ്റാസ് (60), ഉസ്മാൻ ഖ്വാജ (57), മാർനസ് ലബുഷെയ്ൻ (72) എന്നിവരാണ് അർധ സെഞ്ചുറി നേടിയ മറ്റ് ബാറ്റർമാർ.
ബുംറയെ സിക്സ് പറത്തി കോണ്‍സ്റ്റാസ്
19 വർഷവും 85 ദിവസവും പ്രായമുള്ള കോണ്‍സ്റ്റാസിന്റെ അരങ്ങേറ്റമാണു മെൽബണ്‍ ടെസ്റ്റിൽ ശ്രദ്ധാകേന്ദ്രമായത്. പുരുഷ ടെസ്റ്റിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ ഓപ്പണർ, പ്രായം കുറഞ്ഞ നാലാമത്തെ ഓസ്ട്രേലിയൻ പുരുഷ ക്രിക്കറ്റർ എന്നീ റിക്കാർഡുകളാണ് യുവതാരം സ്വന്തമാക്കിയത്. ബുംറ ഉൾപ്പെടെയുള്ള വന്പന്മാരെ പേടിയില്ലാതെ നേരിട്ട താരം അർധ സെഞ്ചുറിയുമായാണു കളം വിട്ടത്. പുരുഷ ടെസ്റ്റിൽ അർധ സെഞ്ചുറി നേടുന്ന രണ്ടാമത്ത പ്രായം കുറഞ്ഞ കളിക്കാരനെന്ന നേട്ടവും സ്വന്തമാക്കി.
52 പന്തിൽ അർധ സെഞ്ചുറി തികച്ച കോണ്‍സ്റ്റാസ് അരങ്ങേറ്റ ടെസ്റ്റിൽ വേഗത്തിൽ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഓസ്ട്രേലിയക്കാരനായി. ആദം ഗിൽക്രിസ്റ്റ് (1999ൽ 46 പന്തിൽ പാക്കിസ്ഥാനെതിരേ), ആഷ്ടണ്‍ ആഗർ (2013ൽ 50 പന്തിൽ ഇംഗ്ലണ്ടിനെതിരേ) എന്നിവരാണ് ആദ്യ സ്ഥാനത്തുള്ളത്.
പേസും കൃത്യതയും നിറഞ്ഞ പന്തുകളുമായി ബാറ്റർമാരെ വിറപ്പിക്കുന്ന ബുംറയെ കോണ്‍സ്റ്റാസ് ആക്രമിച്ചു കളിക്കുന്നതാണു കണ്ടത്. ബുംറ എറിഞ്ഞ ഏഴാം ഓവറിൽ ഒരു സിക്സും രണ്ടു ഫോറും ഉൾപ്പെടെ 14 റണ്‍സാണ് അടിച്ചെടുത്തത്.
മൂന്നു വർഷത്തിനുശേഷം, പന്തുകളുടെ എണ്ണത്തിൽ പറഞ്ഞാൽ 4483 പന്തുകൾക്കുശേഷമാണ് ബുംറ ടെസ്റ്റിൽ ഒരു സിക്സ് വഴങ്ങുന്നത്. ഓവറിന്റെ രണ്ടാം പന്ത് റിവേഴ്സ് സ്കൂപ്പിലൂടെ പന്ത് ബൗണ്ടറി കടത്തി. 2021 സിഡ്നി ടെസ്റ്റിൽ കാമറൂണ്‍ ഗ്രീനാണ് ഇന്ത്യൻ പേസർക്കെതിരേ അവസാനമായി സിക്സ് നേടുന്നത്.
ബുംറ ആകെ ഒന്‍പത് സിക്സുകളാണ് ടെസ്റ്റിൽ വഴങ്ങിയിട്ടുള്ളത്. ജോസ് ബട്ലറും കോണ്‍സ്റ്റാസും രണ്ടു തവണ ബുംറയെ സിക്സിനു തൂക്കി. 11-ാം ഓവറിലും യുവതാരം ബുംറയെ ആക്രമിച്ചു. 18 റണ്‍സാണ് ഈ ഓവറിൽ പിറന്നത്; ടെസ്റ്റ് കരിയറിൽ ബുംറ വഴങ്ങുന്ന ഏറ്റവും കൂടുതൽ റണ്‍സ്.
മൂന്നാം സെഷനിൽ ഓസീസിനു തിരിച്ചടി
ശുഭ്മാൻ ഗില്ലിനു പകരം വാഷിംഗ്ടണ്‍ സുന്ദറിനെ ഇന്ത്യ ഇറക്കി. കഴിഞ്ഞ മൂന്നു ടെസ്റ്റിലും ഓപ്പണിംഗിൽ പരാജയമായ ഓസീസ് ഉസ്മാൻ ഖ്വാജയ്ക്കൊപ്പം ഒരു പുതുമുഖത്തെ ഇറക്കാനുള്ള നീക്കം പാളിയില്ല. ഖ്വാജ-കോണ്‍സ്റ്റാസ് കൂട്ടുകെട്ട് 89 റണ്‍സ് ചേർത്തശേഷമാണു പിരിഞ്ഞത്. ആക്രമിച്ചുകളിച്ച കോണ്‍സ്റ്റാസിനെ രവീന്ദ്ര ജഡേജ വിക്കറ്റിനു മുന്നിൽ കുരുക്കി.
പിന്നീടൊരുമിച്ച ലബുഷെയ്ൻ-ഖ്വാജ സഖ്യം ഇന്ത്യക്കു ബുദ്ധിമുട്ടുണ്ടാക്കി. 65 റണ്‍സ് നേടിയ ഈ സഖ്യം ഖ്വാജയെ രാഹുലിന്റെ കൈകളിലെത്തിച്ചുകൊണ്ട് ബുംറ പൊളിച്ചു.
സ്മിത്ത്-ലബുഷെയ്ൻ സഖ്യം നിലയുറപ്പിച്ചു. മൂന്നാം സെഷൻ തുടക്കത്തിൽ ഇരുവരും മികച്ച ബാറ്റിംഗാണ് കാഴ്ചവച്ചത്. ഈ സഖ്യം നിലയുറപ്പിക്കുമെന്നു മനസിലാക്കി ഇതുപൊളിക്കാൻ രോഹിത് ശർമ പന്ത് വാഷിംഗ്ടണ്‍ സുന്ദറിനെ ഏൽപ്പിച്ചു. ഈ നീക്കം ഫലം ചെയ്തു. 66-ാം ഓവറിന്റെ ആദ്യ പന്തിൽ ലബുഷെയ്ൻ പുറത്തായി. കോഹ്ലിക്കായിരുന്നു ക്യാച്ച്. 83 റണ്‍സാണു മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് നേടിയത്. അടുത്ത ഓവറിൽ ഏഴു പന്ത് നേരിട്ട് റണ്ണൊന്നുമില്ലാതെ നിന്ന ട്രാവിസ് ഹെഡിനെ ബുംറ ക്ലീൻബൗൾഡാക്കി. ഒരോവറിനുശേഷം മിച്ചൽ മാർഷിനെ (4) ബുംറ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു.
ഒന്‍പത് റണ്‍സ് എടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകളാണ് നഷ്ടമായത്. ഒരുവശത്ത് പിടിച്ചുനിന്ന സ്മിത്ത്, അലക്സ് കാരിയുമായി ചേർന്ന് 53 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചു. 31 റണ്‍സ് നേടിയ കാരിയെ ആകാശ് ദീപ് പുറത്താക്കി.
ബുംറ മൂന്ന് വീഴ്ത്തി. ആകാശ് ദീപ്, ജഡേജ, സുന്ദർ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
സ്കോർ കാർഡ്
കോണ്‍സ്റ്റാസ് എൽബിഡബ്ല്യു ബി ജഡേജ 60, ഖ്വാജ സി രാഹുൽ ബി ബുംറ 57, ലബുഷെയ്ൻ സി കോഹ്ലി ബി സുന്ദർ 72, സ്മിത് നോട്ടൗട്ട് 68, ഹെഡ് ബി ബുംറ 0, മാർഷ് സി പന്ത് ബി ബുംറ 4, കാരി സി പന്ത് ബി ആകാശ് ദീപ് 31, കമ്മിൻസ് നോട്ടൗട്ട് 8, എക്സ്ട്രാസ് 11, ആകെ 86 ഓവറിൽ 311/6.
ബൗളിംഗ്
ബുംറ 21-7-75-3, സിറാജ് 15-2-69-0, ആകാശ് ദീപ് 1905-59-1, ജഡേജ 14-2-54-1, നിതീഷ് കുമാർ 5-0-10-0, വാഷിംഗ്ടണ്‍ സുന്ദർ 12-2-37-1.