ലിവര്‍പൂളിനു ഹാപ്പി ക്രിസ്മസ്
Tuesday, December 24, 2024 12:32 AM IST
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ലിവര്‍പൂളിനു മിന്നും ജയം. എവേ പോരാട്ടത്തില്‍ ടോട്ടന്‍ഹാം ഹോട്ട്സ്പുറിനെ 3-6നു കീഴടക്കി ലിവര്‍പൂള്‍ ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്തു തുടരുന്നു. ക്രിസ്മസ് ഡേയില്‍ ഇതു 21-ാം തവണയാണ് ലിവര്‍പൂള്‍ ഇംഗ്ലീഷ് ടോപ് ഡിവിഷന് ഫുട്ബോള്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്.
1963നുശേഷം ടോട്ടന്‍ഹാമും ലിവര്‍പൂളും നേര്‍ക്കുനേര്‍ ഇറങ്ങിയതില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ പിറന്ന മത്സരമായിരുന്നു. 1963ല്‍ 7-2നു ടോട്ടന്‍ഹാമും 1914ല്‍ ഇതേ വ്യത്യാസത്തില്‍ ലിവര്‍പൂളും ജയിച്ചിരുന്നു.
ലൂയിസ് ഡിയസ് (23', 85'), മുഹമ്മദ് സല (54', 61') എന്നിവരുടെ ഇരട്ട ഗോളാണ് ലിവര്‍പൂളിന്റെ സ്കോറിംഗിലെ ആകര്‍ഷണം. അലക്സിസ് മക് അല്ലിസ്റ്റര്‍ (36'), സൊബോസ്ലായ് (45+1') എന്നിവരും ചെമ്പടയ്ക്കുവേണ്ടി ഗോള്‍ സ്വന്തമാക്കി. ജയിംസ് മാഡിസണ്‍ (41'), കുലുസെവിക്സി (72'), സോളങ്കി (83') എന്നിവര്‍ ടോട്ടന്‍ഹാമിനു വേണ്ടിയും ലക്ഷ്യം കണ്ടു.
മറ്റൊരു മത്സരത്തില്‍ ബ്രോംവിച്ച് എവേ പോരാട്ടത്തില്‍ 3-0നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്തു. വൂള്‍വ്സ് 3-0നു ലെസ്റ്റര്‍ സിറ്റിയെയും കീഴടക്കി. ചെല്‍സിയും എവര്‍ട്ടണും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
16 മത്സരങ്ങളില്‍നിന്ന് 39 പോയിന്റുമായാണ് ലിവര്‍പൂള്‍ ലീഗിന്റെ തലപ്പത്തുള്ളത്. ചെല്‍സി (35), ആഴ്സണല്‍ (33), നോട്ടിങാം (31) ടീമുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.