അരേ, അത്ലറ്റി...!
Monday, December 23, 2024 12:35 AM IST
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ എഫ്സി ബാഴ്സലോണയെ തകർത്ത് അത്ലറ്റിക്കോ മാഡ്രിഡ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. ബാഴ്സയുടെ ഹോം മത്സരത്തിലായിരുന്നു ഡിയേഗോ സിമയോണിയുടെ അത്ലറ്റിക്കോ വെന്നിക്കൊടി പാറിച്ചത്.
30-ാം മിനിറ്റിൽ പെദ്രിയിലൂടെ ലീഡ് നേടിയ ബാഴ്സയെ, രണ്ടാം പകുതിയിലെ രണ്ടു ഗോളിലൂടെ അത്ലറ്റിക്കോ അട്ടിമറിച്ചു. 60-ാം മിനിറ്റിൽ റോഡ്രിഗോ പോളും ഇഞ്ചുറി ടൈമിൽ അലക്സാണ്ടർ സോർലോത്തുമായിരുന്നു (90+6’) അത്ലറ്റിക്കോയുടെ ജയം കുറിച്ച ഗോളുകൾ സ്വന്തമാക്കിയത്.
സിമയോണി നടത്തിയ സബ്സ്റ്റിറ്റ്യൂഷനായിരുന്നു ബാഴ്സയുടെ വിധി നിർണയിച്ചതെന്നതും ശ്രദ്ധേയം. 73-ാം മിനിറ്റിൽ ആൻത്വാൻ ഗ്രീസ്മാനെ പിൻവലിച്ച സിമയോണി, അലക്സാണ്ടർ സോർലോത്തിനെ കളത്തിലിറങ്ങി. ഇഞ്ചുറി ടൈം ഗോളിലൂടെ സോർലോത്ത് അത്ലറ്റിക്കോയ്ക്ക് ജയം സമ്മാനിച്ചു.
2006നുശേഷം ആദ്യ ജയം
കറ്റാലൻസിന് എതിരേ 2006നു ശേഷം ആദ്യമായാണ് അത്ലറ്റിക്കോ എവേ ജയം നേടുന്നത്. സിമയോണി അത്ലറ്റിക്കോയിൽ എത്തുന്നതിനും അഞ്ചു വർഷം മുന്പായിരുന്നു ആ എവേ ജയം. 2024-25 സീസണിൽ വിവിധ പോരാട്ടങ്ങളിലായി അത്ലറ്റിക്കോയുടെ തുടർച്ചയായ 12-ാം ജയമാണ്. 2012 ഓഗസ്റ്റ്-ഒക്ടോബറിൽ സിമയോണിയുടെ ശിക്ഷണത്തിൽ തുടർച്ചയായി 13 ജയം നേടിയതാണ് ക്ലബ്ബിന്റെ എക്കാലത്തെയും റിക്കാർഡ്.
ലാ ലിഗയിൽ ഈ സീസണിൽ ബാഴ്സലോണയുടെ തുടർച്ചയായ മൂന്നാം ഹോം തോൽവിയാണ്. 1987നുശേഷം ലാ ലിഗയിൽ ബാഴ്സ തുടർച്ചയായി മൂന്നു ഹോം തോൽവി നേരിടുന്നത് ഇതാദ്യം.
ജയത്തോടെ അത്ലറ്റിക്കോ ലീഗിന്റെ തലപ്പത്തെത്തി. 18 മത്സരങ്ങളിൽ 41 പോയിന്റാണ് അത്ലറ്റിക്കോയ്ക്ക്. ബാഴ്സലോണ (19 മത്സരങ്ങളിൽ 38), റയൽ മാഡ്രിഡ് (17 മത്സരങ്ങളിൽ 37) എന്നീ ടീമുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.