ഹാപ്പിയേ... ബ്ലാസ്റ്റേഴ്സിന് ഇടക്കാല പരിശീലകൻ പുരുഷോത്തമനു കീഴിൽ മിന്നും ജയം
Monday, December 23, 2024 12:35 AM IST
കൊച്ചി: കഴിഞ്ഞു പോയതിനെക്കുറിച്ച് മറന്നേക്കുക. പുതിയതിനെക്കുറിച്ചു ചിന്തിക്കാം... മിഖായേൽ സ്റ്റാറെ പുറത്തായശേഷം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മുഖ്യപരിശീലക റോളിലെത്തിയ മലയാളി ടി.ജി. പുരുഷോത്തമൻ പറഞ്ഞതാണിത്.
അതെ, ഇടക്കാല പരിശീലകനായ പുരുഷോത്തമന്റെ കീഴിൽ ക്രിസ്മസ് ആഘോഷത്തിനു തുടക്കമിടുന്ന മിന്നും ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ ഹോം ഗ്രൗണ്ടിൽ ചിരിതൂകി. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 3-0നു മുഹമ്മദൻ എസ്സിയെ തോൽപ്പിച്ചു.
സദൗയി, കോഫ്
മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് അവസരം ലഭിച്ചതാണ്. എന്നാൽ, നോഹ് സദൗയിക്കു ലക്ഷ്യം കാണാൻ സാധിച്ചില്ല. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ പെപ്രയും അഡ്രിയാൻ ലൂണയും ചേർന്നു നടത്തിയ മുന്നേറ്റത്തിനൊടുവിൽ കൊറു ഹെഡ് ചെയ്ത് ഗോൾ നേടാൻ ശ്രമിച്ചെങ്കിലും പന്ത് പോസ്റ്റിൽ ഇടിച്ചു തെറിച്ചു.
55-ാം മിനിറ്റിൽ നോഹ് എടുത്ത കോർണർ കിക്കിൽനിന്ന് മിലോസ് ഡ്രിൻസിച്ചിന്റെ ഹെഡർ മുഹമ്മദൻ ഗോൾ കീപ്പർ ഭാസ്കർ റോയ് തട്ടിത്തെറിപ്പിച്ചു. 62-ാം മിനിറ്റിൽ ഗോളെത്തി. സദൗയിയുടെ കോർണർ തട്ടിത്തെറിപ്പിക്കാനുള്ള ശ്രമത്തിനിടെ ഭാസ്കർ റോയിയുടെ കൈയിലുരസിയ പന്ത് വലയിൽ. അങ്ങനെ സെൽഫ് ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് നേടി. 80-ാം മിനിറ്റിൽ നോഹ് സദൗയി ബ്ലാസ്റ്റേഴ്സിന്റെ ലീഡ് വർധിപ്പിച്ചു. പതിനെട്ടുകാരനായ കോറയുടെ ക്രോസിൽനിന്ന് ഹെഡറിലൂടെയായിരുന്നു നോഹിന്റെ ഗോൾ. 90-ാം മിനിറ്റിൽ അലക്സാന്ദ്രെ കോഫിന്റെ ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ഇരട്ടി മധുരം നുകർന്നു. അഡ്രിയാൻ ലൂണയായിരുന്നു ഗോളിലേക്കു വഴി തുറന്നത്.
ജയത്തോടെ 10-ാം സ്ഥാനത്തേക്കു തിരിച്ചെത്താൻ ബ്ലാസ്റ്റേഴ്സിനു സാധിച്ചു. 13 മത്സരങ്ങളിൽനിന്ന് 14 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്റെ സന്പാദ്യം. 12 മത്സരങ്ങളിൽനിന്ന് 26 പോയിന്റുമായി മോഹൻ ബഗാനാണ് ലീഗിന്റെ തലപ്പത്ത്. അഞ്ചു പോയിന്റുമായി മുഹമ്മദൻ 12-ാം സ്ഥാനത്താണ്.