സന്തോഷ് ട്രോഫിയിൽ കേരളം ക്വാർട്ടർ ഫൈനലിൽ
Friday, December 20, 2024 1:19 AM IST
ഹൈദരാബാദ്: 78-ാമത് സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ക്വാർട്ടർ ഫൈനലിൽ. ഫൈനൽ റൗണ്ട് ഗ്രൂപ്പ് ബിയിൽ കേരളം തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കി. ഗ്രൂപ്പിൽ മൂന്നു റൗണ്ട് മത്സരം പൂർത്തിയായപ്പോൾ മുഴുവൻ ജയം സ്വന്തമാക്കിയ ഏകടീമാണ് കേരളം.
ഹൈദരാബാദിലെ ഡെക്കാണ് അരീനയിൽ ഇന്നലെ രാവിലെ ഒന്പതിനു നടന്ന മത്സരത്തിൽ കേരളം 2-0നു ഒഡീഷയെ തോൽപ്പിച്ചു. പ്രതിരോധത്തിൽ കോട്ട തീർത്ത കേരളത്തിന്റെ പ്രകടനമാണ് ജയത്തിന് ആധാരം. സെന്റർ ഡിഫെൻസിൽ കളിച്ച ക്യാപ്റ്റൻ ജി. സഞ്ജുവിന്റെ നേതൃത്വത്തിലുള്ള പ്രതിരോധമാണ് കേരളത്തിന്റെ വല കുലുങ്ങാതിരിക്കാൻ കാരണം. സഞ്ജുവാണ് പ്ലെയർ ഓഫ് ദ മാച്ച്.
ഇന്നലെ നടന്ന അവസാന മത്സരത്തിൽ ഗോവ 1-0നു തമിഴ്നാടിനെ കീഴടക്കിയതോടെയാണ് കേരളം ക്വാർട്ടർ ഉറപ്പിച്ചത്. പോയിന്റ് തുല്യമായാൽ നേർക്കുനേർ പോരാട്ടം കണക്കാക്കിയാണ് ക്വാർട്ടർ ബെർത്ത് നൽകുന്നത്. നിലവിൽ മൂന്നു പോയിന്റുമായി നാലും അഞ്ചും സ്ഥാനങ്ങളിലുള്ള ഗോവയേയും ഒഡീഷയെയും കേരളം തേൽപ്പിച്ചതാണ്.
41-ാം മിനിറ്റിൽ ആദ്യ ഗോൾ
കേരളത്തിന്റെ ഗോൾ ശ്രമങ്ങളെ 41-ാം മിനിറ്റുവരെ ഒഡീഷ ചെറുത്തു നിന്നു. എന്നാൽ, 41-ാം മിനിറ്റിൽ മുഹമ്മജ് അജ്സൽ ഒഡീഷയുടെ വലയിൽ പന്ത് നിക്ഷേപിച്ചു. അതോടെ ഒരു ഗോളിന്റെ മുൻതൂക്കവുമായി കേരളം ആദ്യപകുതിക്കു പിരിഞ്ഞു.
മുഹമ്മദ് അജ്സലിനെ പിൻവലിച്ച് ടി. സിജിനെ ആക്രമണത്തിനു നിയോഗിച്ചാണ് കേരള കോച്ച് ബിബി തോമസ് രണ്ടാം പകുതിക്കു തുടക്കമിട്ടത്. 48-ാം മിനിറ്റിൽ സിജിനു മഞ്ഞക്കാർഡ് ലഭിച്ചു. 54-ാം മിനിറ്റിൽ നസീബ് റഹ്മാൻ കേരളത്തിന്റെ ജയം ഉറപ്പിച്ച് രണ്ടാം ഗോൾ സ്വന്തമാക്കി. 60-ാം മിനിറ്റിൽ കേരളം ഇരട്ട സബ്സ്റ്റിറ്റ്യൂഷൻ നടത്തി. പി.പി. മുഹമ്മദ് റോഷലിനു പകരം വി. അർജുനും മുഹമ്മദ് മുഷറഫിനു പകരം നിജോ ഗിൽബർട്ടും മൈതാനത്തെത്തി.
ഗോൾ മടക്കാനുള്ള ഒഡീഷയുടെ ശ്രമങ്ങളും ലീഡ് വർധിപ്പിക്കാനുള്ള കേരളത്തിന്റെ ആക്രമണങ്ങളും പിന്നീടു വലയിൽ പന്ത് എത്തിച്ചില്ല. അതോടെ 2-0ന്റെ ജയവുമായി കേരളം ആഹ്ലാദനൃത്തം ചവിട്ടി.
ഗ്രൂപ്പ് ബിയിൽ ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ മേഘാലയ 2-0നു ഡൽഹിയെ തോൽപ്പിച്ചു. മേഘാലയയുടെ ആദ്യ ജയമാണ്. ഡൽഹിയുടെ ആദ്യ തോൽവിയും.
ബംഗാൾ ക്വാർട്ടറിൽ
ഗ്രൂപ്പ് എയിൽ തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കി ബംഗാൾ ക്വാർട്ടർ ഫൈനൽ ബെർത്ത് ഉറപ്പിച്ചു. ഫൈനൽ റൗണ്ടിലെ ഇരു ഗ്രൂപ്പിലെയും ആദ്യ നാലു സ്ഥാനക്കാരാണ് ക്വാർട്ടർ ഫൈനലിലേക്കു മുന്നേറുന്നത്. നിലവിൽ ഗ്രൂപ്പ് എയിൽ ബംഗാളാണ് ഒന്നാമത്.
ഗ്രൂപ്പ് ബിയിൽ മൂന്നു ജയത്തിലൂടെ ഒന്പതു പോയിന്റുമായി കേരളം ഒന്നാം സ്ഥാനത്തുണ്ട്. ആറു പോയിന്റുമായി ഡൽഹി, നാലു പോയിന്റുമായി മേഘാലയ ടീമുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. ഗ്രൂപ്പ് ബിയിൽ കേരളത്തിനു രണ്ടു മത്സരങ്ങൾകൂടി ശേഷിക്കുന്നുണ്ട്. 22നു ഡൽഹിയെയും 24നു തമിഴ്നാടിനെയുമാണ് കേരളം ഇനി നേരിടുക.