ഇന്ത്യക്കു കൂറ്റൻ ജയം
Monday, December 23, 2024 12:35 AM IST
വഡോദര: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്കു ജയം. 211 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. വിൻഡീസിനെതിരായ ട്വന്റി-20 പരന്പര 2-1നു സ്വന്തമാക്കിയ ഇന്ത്യ മൂന്നു മത്സര ഏകദിന പരന്പരയിൽ ഇതോടെ 1-0ന്റെ ലീഡ് നേടി. സ്കോർ: ഇന്ത്യ 50 ഓവറിൽ 314/9. വെസ്റ്റ് ഇൻഡീസ് 26.2 ഓവറിൽ 103. ഏകദിനത്തിൽ റണ്‍സ് അടിസ്ഥാനത്തിൽ ഇന്ത്യൻ വനിതകളുടെ ഏറ്റവും വലിയ രണ്ടാമതു ജയമാണിത്. 2017ൽ അയർലൻഡിനെതിരേ നേടിയ 249 റണ്‍സ് ജയമാണ് റിക്കാർഡ്.
ഇന്ത്യക്കുവേണ്ടി ഓപ്പണർമാരായ സ്മൃതി മന്ദാനയും (102 പന്തിൽ 91) പുതുമുഖം പ്രതിക റാവലും (69 പന്തിൽ 40) മികച്ച തുടക്കമിട്ടു. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 110 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഹർലീൻ ഡിയോൾ (44), ഹർമൻപ്രീത് കൗർ (34), റിച്ച ഘോഷ് (26), ജമീമ റോഡ്രിഗസ് (31) എന്നിവരും തിളങ്ങിയതോടെ ഇന്ത്യയുടെ സ്കോർ 50 ഓവറിൽ 314ൽ എത്തി. ക്യാപ്റ്റൻ എന്ന നിലയിൽ ഹർമൻപ്രീത് കൗർ ഇന്നലെ 1000 റണ്‍സ് കടന്നു.
20.1 ഓവറിൽ 66 റണ്‍സ് എത്തിനിൽക്കേ എട്ടു വിക്കറ്റ് സന്ദർശകർക്കു നഷ്ടപ്പെട്ടു. ഇന്ത്യയുടെ രേണുക സിംഗ് 29 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി.