125-ാം വാർഷികത്തിൽ ബാഴ്സലോണ വീണു
Monday, December 2, 2024 4:09 AM IST
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ എഫ്സി ബാഴ്സലോണയ്ക്ക് അപ്രതീക്ഷിത തോൽവി. സ്വന്തം കാണികൾക്കു മുന്നിൽ ബാഴ്സലോണ 1-2നു ലാ പാൽമസിനോടു പരാജയപ്പെട്ടു. 1971നുശേഷം ആദ്യമായാണ് ലാ പാൽമസ് ബാഴ്സലോണയ്ക്കെതിരേ ലാ ലിഗയിൽ ഏവേ ജയം സ്വന്തമാക്കുന്നത് എന്നതും ശ്രദ്ധേയം.
സാൻഡ്രൊ റാമിറസ് (49’), ഫാബിയൊ സിൽവ (67’) എന്നിവരായിരുന്നു ലാ പാൽമസിന്റെ ഗോൾ നേട്ടക്കാർ. റാഫീഞ്ഞ (61’) ബാഴ്സലോണയ്ക്കുവേണ്ടി ഒരു ഗോൾ മടക്കി.
വാർഷികം കുളമായി
125-ാം വാർഷികാഘോഷത്തിന്റെ ആഴ്ചാവസാനത്തിലായിരുന്നു ബാഴ്സലോണയുടെ അപ്രതീക്ഷിത തോൽവി. 1899 നവംബർ 29നായിരുന്നു എഫ്സി ബാഴ്സലോണ രൂപംകൊണ്ടത്.
ലാ ലിഗയിലെ മറ്റു മത്സരങ്ങളിൽ അത്ലറ്റിക്കോ മാഡ്രിഡ് 5-0നു റയൽ വയ്യഡോലിഡിനെയും എസ്പാന്യോൾ 3-1നു സെൽറ്റ വിഗോയെയും കീഴടക്കി. ലീഗിൽ 15 മത്സരങ്ങൾ പൂർത്തിയായപ്പോൾ ബാഴ്സലോണയാണ് (34 പോയിന്റ്) ഒന്നാം സ്ഥാനത്ത്. അത്ലറ്റിക്കോ മാഡ്രിഡ് (32), റയൽ മാഡ്രിഡ് (30) ടീമുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.