ലോക ചെസ് ചാന്പ്യൻഷിപ്പ്: രണ്ടാം ഗെയിം സമനിലയിൽ
സോബിച്ചൻ തറപ്പേൽ
Wednesday, November 27, 2024 3:52 AM IST
സിംഗപ്പുർ സിറ്റി: ലോക ചെസ് ചാന്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ടിൽ നിലവിലെ ചാന്പ്യൻ ചൈനയുടെ ഡിങ് ലിറനും ഇന്ത്യയുടെ ഡി. ഗുകേഷും സമനിലയിൽ പിരിഞ്ഞു. കറുത്ത കരുക്കൾ നീക്കി കളത്തിലിറങ്ങിയ ഗുകേഷ് ഇരുപത്തിമൂന്നാം നീക്കത്തിലാണ് ലിറനെ സമനിലയിൽ തളച്ചത്. പതിനാലു ഗെയിമുകളുള്ള മത്സരത്തിന്റെ ഒന്നാം റൗണ്ടിൽ ഗുകേഷിനെ കീഴടക്കിയ ലിറൻ 1.5-0.5 എന്ന സ്കോറിനു മുന്നിട്ടുനിൽക്കുകയാണ്.
ലിറൻ വെള്ളക്കരുക്കളുമായി കളിക്കുന്പോൾ അപൂർവമായി മാത്രം കളിക്കാറുള്ള e4 ഓപ്പണിംഗാണ് ഈ ഗെയിമിൽ തെരഞ്ഞെടുത്തത്. ഇരുവരുടെയും ആനകളും കുതിരകളും ആരംഭത്തിൽ തന്നെ യുദ്ധരംഗത്തേക്കിറങ്ങിയപ്പോൾ ഇറ്റാലിയൻ ഗെയിമിന്റെ ഗിയുക്കോ പിയാനിസിമോ- ഫോർ നൈറ്റ് വേരിയേഷനിലേക്കു കളി നീങ്ങി. ഏഴാമത്തെ നീക്കത്തിൽ തന്നെ ലിറൻ കാസലിംഗ് നടത്തി രാജാവിനു കോട്ടകെട്ടി. വെള്ള കളത്തിലെ ബിഷപ്പുകൾ പരസ്പരം വെട്ടി മാറ്റിയ ശേഷം പത്താം നീക്കത്തിൽ ഗുകേഷും കാസലിംഗ് ചെയ്തു.
ഒന്നാം ഗെയിമിനു വിപരീതമായി പ്രാരംഭനീക്കങ്ങൾ ലിറൻ വേഗത്തിൽ നടത്തിയപ്പോൾ പതിനാലാം നീക്കത്തിനുശേഷം അൻപതു മിനിറ്റ് സമയം ഗുകേഷിനു കുറവായിരുന്നു. പന്ത്രണ്ടാം നീക്കത്തിൽ ക്വീനുകൾ പരസ്പരം വെട്ടിമാറ്റപ്പെട്ടു. തുടർന്ന് ഒരു തേരിനെ കൂടി എക്സ്ചേഞ്ച് ചെയ്യാനായി ഗുകേഷ് നല്കിയെങ്കിലും ലിറൻ അതിനു തയാറായിരുന്നില്ല. എന്നാൽ പതിനേഴാം നീക്കത്തിനായി ഇരൂപത്തിമൂന്നു മിനിറ്റ് ആലോചിച്ച ശേഷമാണ് ബ്ലാക്കിന്റെ d4 ലുള്ള കുതിരയെ ആക്രമിച്ചു കൊണ്ട് ചൈനീസ് താരം തേരിനെ d1 ലേക്കു കൊണ്ടുവന്നത്.
ഗുകേഷ് തന്റെ റൂക്കുകൾ രണ്ടും d ഫയലിലെത്തിച്ചപ്പോൾ ലിറന് സമയത്തിലുണ്ടായിരുന്ന മുൻതൂക്കം നഷ്ടമായിരുന്നു. പിന്നീട് ഇരുവർക്കും പൊസിഷനിൽ മേധാവിത്വം നേടാനാകാത്തതിനാൽ കുതിരകൾ ആവർത്തിച്ചു കളിച്ച് മൂന്നു തവണ ഒരേ പൊസിഷൻ വരുത്തി സമനിലയിലെത്തിക്കുകയായിരുന്നു.
ഗെയിമിൽ ഇരുപത്തിമൂന്നു നീക്കമായപ്പോഴേക്കും ഒരേ പൊസിഷൻ മൂന്നുതവണ ആവർത്തിക്കപ്പെട്ടതിനാലാണ് സമനില വന്നത്. ഇന്നു നടക്കുന്ന മൂന്നാം റൗണ്ട് മത്സരത്തിൽ ഗുകേഷ് വെള്ള കരുക്കൾ നീക്കും.