ഐസിസി നിർണായക മീറ്റിംഗ് 29ന്
Wednesday, November 27, 2024 3:52 AM IST
ദുബായി: അടുത്ത വർഷം പാക്കിസ്ഥാനിൽ നടക്കേണ്ട ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിന്റെ മത്സരക്രമങ്ങൾ തീരുമാനിക്കുന്നതിനായി ഇന്റർനാഷണൽ ക്രിക്കറ്റ് കൗണ്‍സിലിന്റെ നിർണായക യോഗം വെള്ളിയാഴ്ച നടക്കും. വെർച്വലായിട്ടാകും യോഗം ചേരുക. ടൂർണമെന്റിനായി പാക്കിസ്ഥാനിലേക്ക് ഇന്ത്യൻ ടീമിനെ അയയ്ക്കില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് അറിയിച്ചതിനെത്തുടർന്ന് മത്സരങ്ങളുടെ തീയതി തീരുമാനിക്കാൻ ഇതുവരെയായിട്ടില്ല. ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ് ടൂർണമെന്റ് നടക്കേണ്ടത്.
ഇന്ത്യയുടെ മത്സരങ്ങൾ ഹൈബ്രിഡ് മോഡലിൽ പാക്കിസ്ഥാനു വെളിയിൽ നടത്തണമെന്നാണ് ബിസിസിഐ അറിയിച്ചത്. ഇതുവരെ പാക്കിസ്ഥാൻ ഇതിനു സമ്മതം അറിയിച്ചിട്ടില്ല. ബിസിസിഐ സെക്രട്ടറി ജെയ് ഷാ ഐസിസി ചെയർമാനായി സ്ഥാനമേൽക്കുന്നതിനു രണ്ടു ദിവസം മുന്‍പാണ് ഐസിസി ബോർഡ് മീറ്റിംഗ് നടക്കുന്നത്. ഡിസംബർ ഒന്നിന് ജെയ് ഷാ സ്ഥാനമേൽക്കും.
ഇന്ത്യ ആവശ്യപ്പെട്ടതുപോലെ ഹൈബ്രിഡ് മോഡലായി മത്സരങ്ങൾ നടത്തിയാൽ പാക്കിസ്ഥാന് ടൂർണമെന്റ് നടത്തുന്നതിനുള്ള തുകയായ 70 മില്യണ്‍ ഡോളറിനു പുറമെ ഇൻസെന്റീവ് ഉയർത്തി നല്കുമെന്നു വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.