ഹര്‍ഡിൽ ഗോൾഡ്
Sunday, November 10, 2024 2:01 AM IST
കൊച്ചി: ഹര്‍ഡിലുകള്‍ക്കു മുകളിലുടെ മിന്നല്‍വേഗത്തില്‍ പറന്നിറങ്ങി സുവര്ണകൊയ്ത്തുമായി താരങ്ങൾ. ഇന്നലെ നടന്ന സീനിയർ, ജൂണിയര്‍, സബ്ജൂണിയര്‍ വിഭാഗങ്ങളിലെ ഹര്ഡിലുകളില് ഒരു മീറ്റ് റിക്കാര്‍ഡ് പിറന്നു. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വിജയ്കൃഷ്ണയാണ് റിക്കാര്‍ഡിന് ഉടമയായത്.
റിക്കാര്‍ഡോടെ വിജയ്കൃഷ്ണ
ഇന്നലെ ട്രാക്കില്‍ നടന്ന ഏറ്റവും മികച്ച പ്രകടനം സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സിലായിരുന്നു. തൃശൂര്‍ കാല്ദീന് സിറിയന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിജയ്കൃഷ്ണ 13.97 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് പൊന്നിന്കൊയ്ത്ത് നടത്തിയത്.
ഈ ഇനത്തില്‍ വെള്ളിനേട്ടത്തിന് ഉടമയായ പാലക്കാട് വടവന്നൂര്‍ വിഎംഎച്ച്എസിലെ എസ്. ഷാഹുലും നിലവിലെ റിക്കാര്‍ഡ് മറികടന്നു. 14 സെക്കന്‍ഡിലാണ് ഷാഹുല്‍ ഫിനിഷ് ലൈന്‍ തൊട്ടത്. കോഴിക്കോട് ദേവഗിരി സാവിയോ എച്ച്എസ്എസിലെ പി. അമര്‍ജിത്ത് 14.23 സെക്കന്‍ഡില്‍ ഓടിയെത്തി വെങ്കല നേട്ടത്തിന് ഉടമയായി.
സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററിലെ ആദ്യ രണ്ടു മെഡലുകളും കഴിഞ്ഞ വര്‍ഷം കുന്നംകുളത്ത് ജൂണിയര്‍ വിഭാഗത്തില്‍ മെഡല്‍നേട്ടം സ്വന്തമാക്കിയവര്‍ ഇക്കുറി സീനിയര്‍ വിഭാഗത്തിലാക്കി മാറ്റി.
തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസിലെ ആദിത്യ അജി 14.21 സെക്കന്‍ഡില്‍ സ്വര്‍ണം നേടിയപ്പോള്‍ മലപ്പുറം കടകശേരി ഐഡിയല്‍ ഇഎച്ച്എസ്എസിലെ എയ്ഞ്ചല്‍ ജയിംസ് (14.85) വെള്ളിനേട്ടത്തിന് ഉടമയായി. കടകശേരിയുടെ തന്നെ എൻ.ആര്. പാര്‍വതി 15.31 സെക്കന്‍ഡില്‍ വെങ്കലത്തിന് അവകാശിയായി.
ജൂണിയറില്‍ വടവന്നൂർ വന്പ്
ജൂണിയര്‍ ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും വിഭാഗങ്ങളില്‍ സ്വര്‍ണം പാലക്കാട് വടവന്നൂര്‍ വിഎംഎച്ച്എസ്എസിനു സ്വന്തം. ജൂണിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ വടവന്നൂരിന്റെ എസ്. അഭയ്സിവേദ് 14.54 സെക്കന്‍ഡില്‍ സ്വര്‍ണമണിഞ്ഞപ്പോള്‍ പെണ്‍കുട്ടികളില്‍ എന്‍.എസ്. വിഷ്ണുശ്രീ ഒന്നാമതു ഫിനിഷ് ചെയ്തു. 14.93 സെക്കന്‍ഡില്‍ 100 മീറ്റര്‍ താണ്ടിയാണ് വിഷ്ണുശ്രീയുടെ സുവർണനേട്ടം.
ജൂണിയര്‍ ആണ്‍കുട്ടികളില്‍ ഫോട്ടോ ഫിനിഷില്‍ മലപ്പുറം തിരുനാവായാ നാവാമുകുന്ദ എച്ച്എസ്എസിലെ സി.കെ. ഫസലുള്‍ ഹഖ് വെള്ളി നേട്ടത്തിനും ഇതേ സ്കൂളിലെ തന്നെ പ്രേം (15.29) സെക്കന്‍ഡില്‍ വെങ്കലവും കരസ്ഥമാക്കി.
ജൂണിയര്‍ പെണ്‍കുട്ടികളില്‍ ആലപ്പുഴ ചാരമംഗലം ജിഡിവിഎച്ച്എസ്എസിലെ അനാമിക അജേഷ് 15.43 സെക്കന്‍ഡില്‍ വെള്ളിയും തൃശൂര്‍ കാല്ദീന് സിറിയന്‍ എച്ച്എസ്എസിലെ വി.എം. അശ്വതി 15.48 സെക്കന്‍ഡില്‍ വെങ്കലവും കരസ്ഥമാക്കി.
സബ് ജൂണിയറില്‍ സായ്വേല്‍ റെയ്ഹാന
സബ്ജൂണിയര്‍ വിഭാഗം 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആണ്‍കുട്ടികളില്‍ തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസിലെ സായ്വേല്‍ 12.26 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് പൊന്നണിഞ്ഞപ്പോള്‍ തിരുവനന്തപുരം ജിവി രാജയിലെ എ. വിഘ്നേഷ് (12.40) വെള്ളിയും വയനാട് കാട്ടിക്കുളം ജിഎച്ച്എസ്എസിലെ ആർ. നിധീഷ് (12.42) വെങ്കലവും കരസ്ഥമാക്കി.
സബ് ജൂണിയര്‍ പെണ്‍കുട്ടികളില്‍ പാലക്കാട് മുണ്ടൂര്‍ എച്ച്എസ്എസിലെ എം. റെയ്ഹാന 13.07 സെക്കന്‍ഡില്‍ ഓടിയെത്തി സ്വര്‍ണത്തില്‍ മുത്തമിട്ടപ്പോള്‍ തൊട്ടടുത്ത പറളി എച്ച്എസിലെ സി.കെ. സ്വാതി കൃഷ്ണന് (13.31 ) വെള്ളിയും മലപ്പുറം മൂര്‍ക്കനാട് എസ്എസ്എച്ച്എസ്എസിലെ എം. റിദ ജാസ്മിൻ (13.38) വെങ്കലവും സ്വന്തമാക്കി.
ജില്ല പോയിന്റ് ടേബിൾ
സ്വര്‍ണം, വെള്ളി, വെങ്കലം, പോയിന്റ്
മലപ്പുറം 15 12 13 124
പാലക്കാട് 10 6 8 76
എറണാകുളം 4 6 3 41
തിരുവനന്തപുരം 5 4 1 38
കോഴിക്കോട് 3 4 6 33