അൻസ്വാഫും ആർ. ശ്രേയയും സ്കൂൾ കായികമേളയിലെ അതിവേഗക്കാർ
Saturday, November 9, 2024 3:38 AM IST
കൊച്ചി: കേരള സ്കൂൾ കായികമേളയിലെ വേഗതാരങ്ങളായി അൻസ്വാഫ് കെ. അഷറഫും ആർ. ശ്രേയയും. സീനിയർ പെൺകുട്ടികളിൽ ഇ.പി. രഹ്ന കുറിച്ചതിനേക്കാൾ മികച്ച സമയത്തിൽ 100 മീറ്റർ ഫിനിഷിംഗ് ലൈൻ കടന്നാണ് ജൂണിയർ വിഭാഗത്തിൽ ശ്രേയ മിന്നൽപ്പിണറായത്. വേഗതാരങ്ങളെ നിർണയിക്കുന്ന 100 മീറ്റർ മത്സരം ആരംഭിച്ചപ്പോൾ മുതൽ പെയതിറങ്ങിയ മഴയ്ക്കും താരങ്ങളുടെ പോരാട്ട വീര്യത്തെ തടുത്തു നിർത്താനായില്ല.
സീനിയർ ആൺകുട്ടികളിൽ എറണാകുളം കീരംപാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂളിലെ അൻസ്വാഫ് കെ. അഷറഫ് 10.806 സെക്കൻഡിൽ ഫിനിഷിംഗ് ലൈൻ കടന്നു ആൺകുട്ടികളുടെ വിഭാഗത്തിൽ വേഗതാരമായി.
സീനിയർ പെൺകുട്ടികളിൽ തിരുവനന്തപുരം ജിവി രാജായിലെ ഇ.പി. രഹ്ന രഘു 12.62 സെക്കൻഡിൽ ഓടിയെത്തി സ്വർണം സ്വന്തമാക്കി. മലപ്പുറം തിരുനാവായ നാവാ മുകുന്ദ എച്ച് എസ്എസിലെ ആദിത്യ അജി (12.72) വെള്ളിയും അടൂർ സെന്റ് മേരീസ് എംഎംജിഎച്ച്എസ്എസിലെ എച്ച്. അനാമിക (12.77) വെങ്കലവും നേടി.
സീനിയർ ആൺകുട്ടികളിൽ രണ്ടാം സ്ഥാനം മലപ്പുറം തിരുനാവായ നാവാമുകുന്ദയിലെ സി.വി. മുഹമ്മദ് ഷമീലും (11.042) മൂന്നാം സ്ഥാനം കാസർഗോഡ് പാട്യ ജിഎച്ച്എസ്എസിലെ അബ്ദുള്ള ഷൗനീസും (11.0 48) സ്വന്തമാക്കി.
ജൂണിയർ ആൺകുട്ടികളിൽ പാലക്കാട് ചിറ്റൂർ ജിഎച്ച്എസ്എസിലെ ജെ. നിവേദ് കൃഷ്ണ (10.98) സ്വർണം നേടി . കുന്നംകുളം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ജിയോ ഐസക്ക് സെബാസ്റ്റ്യൻ (11.19) വെള്ളിയും ആലപ്പുഴ മാരാരിക്കുളം സെന്റ് അഗസ്റ്റിൻ ഹൈസ്കൂളിലെ ടി.എം. അതുൽ (11.23) വെങ്കലവും നേടി.
അതിവേഗം ശ്രേയ
ജൂണിയർ പെൺകുട്ടികളിൽ ആലപ്പുഴ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ആർ. ശ്രേയ 12.54 സെക്കൻഡിൽ ഫിനിഷ് ചെയ്തത് സ്വർണത്തിന് അവകാശിയായി. സീനിയർ വിഭാഗത്തിലേതിനേക്കാൾ (12.62) മികച്ച സമയവും കുറിച്ചാണ് ശ്രേയയുടെ സുവർണനേട്ടം.
തിരുവനന്തപുരം സായിയുടെ അനന്യ സുരേഷ് (12.58 ) വെള്ളിയും തൃശൂർ ആലൂർ ആർഎം ഹയർ സെക്കൻഡറി സ്കൂളിലെ സി.എസ്. ആൻമരിയ (12 .87) വെങ്കലവുംനേടി.
സബ് ജൂണിയറിൽ കാസർഗോഡ് അൻഗാൻഡിമോർ സ്കൂളിലെ ബി.എ. നിയാസ് അഹമ്മദ് (12.40) സ്വർണവും കൊല്ലം ത്രിപ്പിലഴികം ലിറ്റിൽ ഫ്ലവർ സ്കൂളിലെ എസ്. സൗരവ് (12.41) വെള്ളിയും തിരുവനന്തപുരം ജിവി രാജയിലെ പി.കെ. സായൂജ് (12.43) വെങ്കലവും നേടി
. ഈ വിഭാഗത്തിൽ പെൺകുട്ടികളിൽ ഇടുക്കി കാൽവരി മൗണ്ട് സി എച്ച്എസിലെ ദേവപ്രിയ ഷൈബു (13.17) സ്വർണത്തിന് അവകാശി ആയപ്പോൾ പാലക്കാട് കൊപ്പം ജിവിഎച്ച്എസ്എസിലെ പി. നിഖിത (13.36 ) വെള്ളിയും പാലക്കാട് ഭാരത്മാതാ എച്ച്എസ്എസിലെ ജി. അനന്യ (13 .53) വെങ്കലവും കഴുത്തിലണിഞ്ഞു.