പുത്തൻ ട്രാക്കിൽ പുതുകുതിപ്പിന്...
Thursday, November 7, 2024 2:21 AM IST
തോമസ് വർഗീസ്
കൊച്ചി: കായികകേരളത്തിന്റെ കേന്ദ്രബിന്ദുവായി മാറിയ കൊച്ചി മഹാരാജാസ് സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് കൗമാരക്കുതിപ്പിനായി ഇന്നുണരും. പുതിയ സിന്തറ്റിക് ട്രാക്കിൽ പുത്തൻ വേഗം തേടി കേരളത്തിന്റെ കായികപ്രതിഭകൾ കുതിക്കുന്പോൾ ആവേശം മെട്രോയുടെ ചൂളംവിളിക്കും മേലെയാകും.
സംസ്ഥാന സ്കൂൾ കായികമേളയിലെ ആവേശകരമായ അത്ലറ്റിക് പോരാട്ടത്തിന് സീനിയർ ആണ്‍കുട്ടികളുടെ അഞ്ചു കിലോമീറ്റർ നടത്തത്തോടെ ഇന്നു രാവിലെ 6.10ന് തുടക്കമാകും. തുടർന്ന് സീനിയർ പെണ്‍കുട്ടികളുടെ മൂന്നു കിലോമീറ്റർ നടത്തം. രാവിലെ 7.20ന് ജൂണിയർ ആണ്‍കുട്ടികളുടെ 3000 മീറ്റർ ഓട്ടമത്സരവും നടക്കും.
അത്ലറ്റിക്സിന്റെ ഒന്നാം ദിനം 15 ഇനങ്ങളുടെ ഫൈനലിന് മഹാരാജാസ് സ്റ്റേഡിയം സാക്ഷ്യം വഹിക്കും. പതിറ്റാണ്ടുകൾക്കുശേഷം പുതുക്കിപ്പണിത സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന ആദ്യ മീറ്റെന്ന പ്രത്യേകതയുമുണ്ട്.
നിലവിലെ ചാന്പ്യൻമാരായ പാലക്കാടും റണ്ണേഴ്സ് അപ്പായ മലപ്പുറവും മൂന്നാം സ്ഥാനക്കാരായ കോഴിക്കോടുമെല്ലാം പോരാട്ടത്തിനു തയാറെടുത്ത് കൊച്ചിയിലെത്തിയതോടെ കായിക മാമാങ്കത്തിന്റെ ആവേശം ഇനിയുള്ള അഞ്ചുനാൾ വാനോളമുയരും.
ആദ്യ ദിനമായ ഇന്ന് മീറ്റിലെ ഗ്ലാമർ ഇനങ്ങളിലൊന്നായ 400 മീറ്ററിന്റെ ഫൈനൽ നടക്കും. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ സബ് ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങളിലായി 98 ഇനങ്ങളിലാണു വിജയികളെ നിശ്ചയിക്കുക.