അദാനി, മണിപ്പുർ, സംബാൽ ; പാർലമെന്റ് സ്തംഭിച്ചു
Thursday, November 28, 2024 3:01 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: അദാനിക്കെതിരായ കൈക്കൂലി ഇടപാട് കേസ്, മണിപ്പുർ അക്രമങ്ങൾ, യുപി സംബാലിലെ അക്രമം, വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നത് തുടങ്ങിയ വിഷയങ്ങളിൽ ചർച്ച അനുവദിക്കാത്തതിൽ പ്രതിഷേധിച്ചുള്ള പ്രതിപക്ഷ ബഹളത്തിൽ പാർലമെന്റിന്റെ ഇരുസഭകളും രണ്ടാംദിവസം പൂർണമായി സ്തംഭിച്ചു.
അദാനി ഗ്രൂപ്പിന്റെ അഴിമതി, കൈക്കൂലി, സാന്പത്തിക ഇടപാടുകളെക്കുറിച്ച് സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ, മനീഷ് തിവാരി, മാണിക്കം ടാഗോർ, രണ്ദീപ് സിംഗ് സുർജേവാല തുടങ്ങിയവരും, മണിപ്പുർ അക്രമങ്ങളെക്കുറിച്ചു ചർച്ച ആവശ്യപ്പെട്ട് ഹൈബി ഈഡനും നോട്ടീസ് നൽകിയിരുന്നു. ഇരുസഭകളിലും പ്രമേയങ്ങൾക്ക് അധ്യക്ഷന്മാർ അനുമതി നിഷേധിച്ചു. പ്രതിപക്ഷത്തെ വിമർശിക്കാനാണ് രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ അവസരം ഉപയോഗിച്ചത്.
ചർച്ചയ്ക്ക് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളം തുടങ്ങിയതോടെ ലോക്സഭയും രാജ്യസഭയും ഓരോ തവണ നിർത്തിവച്ച് വീണ്ടും ചേർന്നശേഷം ഇന്നു ചേരാനായി പിരിയുകയായിരുന്നു.
അദാനിക്കെതിരായ അമേരിക്കയിലെ കുറ്റപത്രം ഇന്ത്യയെ ബാധിക്കുന്നതാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
രാജ്യസഭയിലെയും ലോക്സഭയിലെയും പ്രതിപക്ഷനേതാക്കളായ മല്ലികാർജുൻ ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ പ്രതിപക്ഷപാർട്ടി നേതാക്കൾ ഇന്നലെ രാവിലെയും യോഗം ചേർന്നാണ് അദാനി, മണിപ്പുർ, സംബാൽ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചയ്ക്കായി സർക്കാരിനെ നിർബന്ധിക്കാൻ തീരുമാനിച്ചത്.
ഏതു വിഷയവും ചർച്ച ചെയ്യാമെന്നു പറയുന്ന സർക്കാർ തന്നെയാണ് രാജ്യത്തെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങളിൽ ചർച്ച ഒഴിവാക്കുന്നതെന്ന് എംപിമാരായ ബെന്നി ബഹനാനും എൻ.കെ. പ്രേമചന്ദ്രനും അഭിപ്രായപ്പെട്ടു.
അദാനിയെ അറസ്റ്റ് ചെയ്യണം: രാഹുൽ
കുറ്റാരോപിതനായ വ്യവസായി ഗൗതം അദാനിയെ അറസ്റ്റ് ചെയ്യണമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചെറിയ കുറ്റങ്ങൾ ചുമത്തി നൂറുകണക്കിനാളുകളെ അറസ്റ്റ് ചെയ്യുന്നുണ്ട്.
ആരോപണങ്ങൾ അദാനി സ്വീകരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നതാണ് ആവശ്യമെന്നും രാഹുൽ പാർലമെന്റിനു പുറത്ത് പത്രലേഖകരോട് പറഞ്ഞു.