ഗു​രു​വാ​യൂ​രിൽ ഭ​ക്ത​ജ​നത്തിര​ക്ക്; വ​രിനി​ന്നു വ​ല​ഞ്ഞ് ഭ​ക്ത​ർ
Monday, June 24, 2024 1:35 AM IST
ഗു​രു​വാ​യൂ​ർ: പൊ​തു അ​വ​ധിദി​ന​മാ​യ ഇ​ന്ന​ലെ ക്ഷേ​ത്ര​ത്തി​ൽ വ​ലി​യ ഭ​ക്ത​ജ​നത്തിര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.​ ഭ​ക്ത​ർ മ​ണി​ക്കൂ​റു​ക​ൾ വ​രി​യി​ൽനി​ന്ന് വ​ല​ഞ്ഞു.​ അ​ഞ്ചു മ​ണി​ക്കൂ​റി​ലേ​റെ വ​രിനി​ന്നാ​ണു ഭ​ക്ത​ർ​ക്കു ദ​ർ​ശ​നം ല​ഭി​ച്ച​ത്. വ​രി പ​ടി​ഞ്ഞാ​റെ ഇ​ന്ന​ർ റിം​ഗ്റോ​ഡ് വ​രെ​യെ​ത്തി. ദ​ർ​ശ​ന​ത്തി​നുമു​മ്പ് സാ​ധ​ന​ങ്ങ​ൾ ക്ലോ​ക്ക് റൂ​മി​ൽ വ​യ്ക്കു​ന്ന​തി​നും ദ​ർ​ശ​ന​ശേ​ഷം സാ​ധ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​തി​നും വ​ഴി​പാ​ട് ശീ​ട്ടാ​ക്കാ​നും ഭ​ക്ത​ർ​ക്ക് വീ​ണ്ടും ഏ​റെ‌നേ​രം വ​രി​യി​ൽ നി​ൽ​ക്കേ​ണ്ടി​വ​ന്നു.

പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾപോ​ലും നി​ർ​വഹി​ക്കാ​ൻ ക​ഴി​യാതെ മ​ണി​ക്കൂ​റു​ക​ൾ നി​ൽ​ക്കേ​ണ്ടിവ​രു​ന്ന അ​വ​സ്ഥ​യാ​ണ് ഭ​ക്ത​ർ​ക്ക്.​

ഏ​റെക്കാ​ല​ത്തെ ആ​വ​ശ്യ​മാ​യ വ​രി കോം​പ്ല​ക്സ് ഇ​ന്നും ക​ട​ലാ​സി​ലാ​ണ്. അ​വ​ധിദി​വ​സ​ങ്ങ​ളി​ൽ വ​ഴി​പാ​ട് കൗ​ണ്ട​റു​ക​ളു​ടെ എ​ണ്ണം കൂ​ട്ട​ണ​മെ​ന്നും ഭ​ക്തർ പ​റ​യു​ന്നു.​ എ​ത്ര​യുംവേ​ഗം പ്രാ​ഥ​മി​ക ആവശ്യങ്ങ​ൾ​ക്കും സൗ​ക​ര്യ​മാ​കു​ന്ന ത​ര​ത്തി​ൽ ക്യൂ ​കോം​പ്ല​ക്സ് വേ​ണ​മെ​ന്നാ​ണ് ഭ​ക്ത​രു​ടെ ആ​വ​ശ്യം.​ ഇ​ന്ന​ലെ 65.42 ല​ക്ഷ​ത്തി​ന്‍റെ വ​ഴി​പാ​ടു​ക​ൾ ന​ട​ന്നു.