എൽത്തുരുത്ത്: വി.കെ. മോഹനൻ കാർഷികസംസ്കൃതിയുടെ നേതൃത്വത്തിൽ എൽത്തുരുത്ത് സെന്റ് മേരീസ് പള്ളിയോടു ചേർന്ന ഒരേക്കറിൽ ഓണത്തിനു വിളവെടുക്കാവുന്ന രീതിയിൽ പച്ചക്കറികൃഷി ആരംഭിച്ചു. കാർഷികസംസ്കൃതി ചെയർമാനും മുൻകൃഷിമന്ത്രിയുമായ വി.എസ്. സുനിൽകുമാറും ഫാ. തോമസ് ചക്രമാക്കിൽ സിഎംഐയും ചേർന്ന് പച്ചക്കറിത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.
ഉയർന്നുവരുന്ന പച്ചക്കറിവിലയിൽ ആശങ്കയോടെ നിൽക്കുകയല്ല വേണ്ടതെന്നും വീട്ടുമുറ്റത്തും പറന്പിലും മറ്റും സ്വന്തമായോ കൂട്ടായോ ചെറിയരീതിയിൽ കൃഷികൾ ചെയ്ത് അതൊരു സംസ്കാരമാക്കി മാറ്റുകയാണ് വേണ്ടതെന്നും ഉദ്ഘാടനപ്രസംഗത്തിൽ വി.എസ്. സുനിൽകുമാർ പറഞ്ഞു.
തക്കാളി, വെണ്ട, വഴുതന, പയർ, മുളക് തുടങ്ങിയ പച്ചക്കറികൾക്കുപുറമെ ചെണ്ടുമല്ലി, റാഗി എന്നിവയും കൃഷിചെയ്യുന്നുണ്ട്. ഓണത്തിന് ഒളരി സെന്ററിൽ ന്യായവിലയ്ക്കു പച്ചക്കറികളുടെ വില്പനയുണ്ടാകുമെന്നു സംഘാടകർ അറിയിച്ചു.
വി.കെ. മോഹനൻ കാർഷികസംസ്കൃതി തൃശൂർ മണ്ഡലം കണ്‍വീനർ കെ. അരവിന്ദാക്ഷൻമേനോൻ, ആന്റണി ഇരുന്പൻ, ബൈജു പറപ്പിള്ളി, കർഷകരായ ആലാട്ട് ചന്ദ്രൻ, മുരുകൻ, അജയഘോഷ്, നിഷ രാമകൃഷ്ണൻ, മിനി, കെ.എം. മോഹനൻ, ആദിത്യ തുടങ്ങിയവർ നേതൃത്വം നൽകി.