ശാസ്ത്രമേള: വിളംബര ഘോഷയാത്ര ഇന്ന്
1478918
Thursday, November 14, 2024 5:09 AM IST
ആലപ്പുഴ: സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയോടനുബന്ധിച്ച് സംഘാടകസമിതിയുടേയും റിസപ്ഷന് കമ്മിറ്റിയുടേയും പബ്ലിസിറ്റി കമ്മിറ്റിയുടേയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ശാസ്ത്രോത്സവ വിളംബരജാഥയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഇന്നു രാവിലെ ഒമ്പതിന് കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് സമഗ്രവിവരങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ ഹോര്‍ത്തൂസ് മലബാറിക്കസ് ഗ്രന്ഥത്തിന്റെ നിര്‍മാണത്തില്‍ മുഖ്യപങ്കുവഹിച്ച നാട്ടുവൈദ്യനായിരുന്ന ഇട്ടി അച്യുതന് വൈദ്യരുടെ ചേര്‍ത്തല കടക്കരപ്പള്ളിയിലെ സ്മൃതി കുടീരത്തില്‍നിന്ന് ആരംഭിക്കുന്ന പതാകജാഥ ചേര്‍ത്തല, അരൂര്‍, ആലപ്പുഴ മണ്ഡലങ്ങളിലെ സ്കൂളുകളില്‍നിന്നുള്ള സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി മൂന്നിന് ആലപ്പുഴ മുനിസിപ്പല്‍ ശതാബ്ദി മന്ദിരത്തില്‍ എത്തും.
ഹരിത വിപ്ലവത്തിന്റെ നായകനായിരുന്ന കൃഷിശാസ്ത്രജ്ഞന്‍ എം.എസ്. സ്വാമിനാഥന്റെ മങ്കൊമ്പ് തറവാട് വീട്ടില്‍നിന്ന് ദീപശിഖാ റാലി കുട്ടനാട്, ഹരിപ്പാട്, അമ്പലപ്പുഴ മണ്ഡലങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ശതാബ്ദി മന്ദിരത്തില്‍ എത്തിച്ചേരും. ഇതോടൊപ്പം സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് ശാസ്ത്രമേള സംഘാടകസമിതിയുടെ നാമധേയത്തില്‍ ഏര്‍പ്പെടുത്തി പ്രത്യേകം രൂപകല്‍പ്പന ചെയ്ത എഡ്യൂക്കേഷന്‍ മിനിസ്റ്റര്‍ ട്രോഫിയും വഹിച്ചുകൊണ്ടുള്ള വാഹന ഘോഷയാത്ര മാവേലിക്കര, ചെങ്ങന്നൂര്‍, കായംകുളം മണ്ഡലങ്ങളിലൂടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ശതാബ്ദി മന്ദിരത്തില്‍ സംഗമിക്കും.
തുടര്‍ന്ന് നാലു മണിയോടുകൂടി ശതാബ്ദി മന്ദിരത്തില്‍നിന്ന് ആരംഭിക്കുന്ന വിളംബര ഘോഷയാത്ര മന്ത്രി സജി ചെറിയാന് ഫ്ളാഗ് ഓഫ് ചെയ്യും. പ്രധാന വേദിയായ സെന്റ് ജോസഫ് സ്കൂളില്‍ എത്തിച്ചേരും. മന്ത്രി വി. ശിവന്‍കുട്ടി ഘോഷയാത്രയെ സ്വീകരിച്ച് തിരിതെളിക്കും.
കലാപരിപാടികള്‍
എല്ലാ ദിവസവും വിവിധ കലാപരിപാിളുണ്ടാകും. ഉദ്ഘാടന സമ്മേളനത്തിനുശേഷം ഇപ്റ്റ നാട്ടരങ്ങ്. 16ന് രണ്ടിന് സ്പീഡ് കാര്‍ട്ടൂണിസ്റ്റ് ഡോ.ജി. ജിതേഷിന്റെ ശാസ്ത്രദര്‍ശന്‍ വരയരങ്ങ്, 7.30ന് കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന രംഗ്മാല. 17ന് വൈകിട്ട് അഞ്ചിന് പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ട്.
തിരുവല്ല ഡഫ് സ്കൂളിന്റെ കലാപരിപാടികള്എന്നിവയുണ്ടാവും. സെന്റ് ജോസഫ്സ്, ലീയോ തേര്ട്ടീന്ത് സ്കൂള്‍ എന്നിവിടങ്ങളിലാണ് കലാപരിപാടികള്‍ നടക്കുക.
ശാസ്ത്ര സംവാദം
ശാസ്ത്രമേളയുടെ ഭാഗമായി ശാസ്ത്രസംവാദവും നടക്കും. നഗരത്തിലെ വിവിധ സ്കൂളുകളിലെ ക്ഷണിക്കപ്പെട്ട വിദ്യാര്‍ഥികളാകും ശാസ്ത്രസംവാദത്തിന്റെ ഭാഗമാകുക. 16, 17 തീയതികളിലായി സെന്റ് ജോസഫ്സ് സ്കൂളിലാണിത്. 16ന് രാവിലെ 10ന് ഐഎസ്ആര്‍ഒ ചെയര്മാന് എസ്. സോമനാഥ്, വൈകിട്ട് മൂന്നിന് ഡിആര്‍ഡിഒ മുന്‍ ശാസ്ത്രജ്ഞ ഡോ. ടെസി തോമസ്, 17ന് രാവിലെ 10ന് ഗഗന്യാന് പ്രോജക്ട് ഡയറക്ടര്‍ ഡോ.എം. മോഹനന്, ഉച്ചയ്ക്ക് രണ്ടിന് ടെക്ജെന്‍ഷ്യ സിഇഒ ജോയ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംവാദത്തില്‍ പങ്കെടുക്കും.
16ന് ഉച്ചയ്ക്ക് 12ന് ചരിത്രകാരന് ഡോ. കാര്ത്തികേയന് നായര്‍ കേരളീയ നവോഥാനവും സാമൂഹികമുന്നേറ്റവും എന്ന വിഷയത്തില്‍ ക്ലാസെടുക്കും. 17ന് ഉച്ചയ്ക്ക് 12ന് കുസാറ്റ് സീനിയര്‍ സയന്റിസ്റ്റ് ഡോ. അഭിലാഷ് കാലാവസ്ഥാ വ്യതിയാനവും അതിജീവനവും എന്ന വിഷയത്തില്‍ ക്ലാസ് നയിക്കും.
ഇക്കുറി കരിയര്‍ എക്സ്പോയും
ശാസ്ത്രമേളയുടെ ചരിത്രത്തില്‍ ആദ്യമായി ഇക്കുറി കരിയര്‍ എക്സ്പോയും മേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്നു. ലോകത്ത് അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഉപരിപഠനത്തിന്റെയും ജോലി സാധ്യതകളുടെയും വാതായനങ്ങള്‍ വിദ്യാര്‍ഥികള്‍ക്കായി തുറന്നുനല്‍കാനാണ് ശാസ്ത്രോത്സവത്തിനൊപ്പം ഇത്തവണ കരിയര്‍ എക്സ്പോയും സംഘടിപ്പിക്കുന്നത്.
16,17 തീയതികളില്‍ ലിയോ തേര്ട്ടീന്ത് എച്ച്എസ്എസില്‍ നടക്കുന്ന കരിയര്‍ സെമിനാറും കരിയര്‍ എക്സ്പോയും ഇത്തവണത്തെ സ്കൂള്‍ ശാസ്ത്രമേയുടെ പ്രധാന ആകര്‍ഷണമാകും. മന്ത്രി വി. ശിവന്‍കുട്ടി 16ന് രാവിലെ 10.30ന് കരിയര്‍ സെമിനാറും മന്ത്രി സജി ചെറിയാന് 11ന് കരിയര്‍ എക്സ്പോയും ഉദ്ഘാടനം ചെയ്യും.
കരിയര്‍ വിദഗ്ധന്‍ രതീഷ് കുമാര്‍ സെമിനാര്‍ നയിക്കും. കുസാറ്റ്, അസാപ്, ടെക്നോപാര്‍ക്ക്, ഒഡെപെക്, സിമറ്റ, നോര്‍ക്ക-റൂട്ട്സ്, കേരള യൂണിവേഴ്സിറ്റി, എംജി യൂണിവേഴ്സിറ്റി, കേരള നോളജ് ഇക്കോണമി മിഷന്, കെ ഡിസ്ക്, സ്കോള്‍ കേരള തുടങ്ങി 15 സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് കരിയര്‍ എക്സ്പോയില്‍ പങ്കെടുക്കുന്നത്. സെമിനാറിനുശേഷം കരിയര്‍ വിദഗ്ദ്ധന് രതീഷ്കുമാറിന്റെ സേവനം രണ്ടു ദിവസം സ്റ്റാളില്‍ ഉണ്ടായിരിക്കും.
സ്റ്റാള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഉപരിപഠന സംബന്ധമായ സംശയങ്ങളും പരിഹരിക്കാന്‍ അവസരമുണ്ടാകും. കൂടാതെ വിദ്യാര്‍ഥികള്‍ക്ക് അവരവരുടെ അഭിരുചി മനസിലാക്കി അനുയോജ്യമായ ഉപരിപഠന മേഖല തെരഞ്ഞെടുക്കുന്നതിന് സഹായകരമായ കരിയര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യവും ലഭ്യമാകും. ഉപരിപഠനമായി ബന്ധപ്പെട്ട കോഴ്സുകള്‍, വിവിധ സര്‍വകലാശാലകള്‍, വിവിധ തൊഴില്‍ സാധ്യതകള്‍ മുതലായവയെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഡിജിറ്റല്‍ ഡിസ്പ്ലേയും കരിയര്‍ എക്സ്പോയില്‍ ഒരുക്കും.
വേദിയിലെത്താൻ വഴി തെറ്റില്ല
ആലപ്പുഴയിലെത്തി വഴിതെറ്റിയെന്ന് ഇനി ആരും പറയരുത്... സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം 15 മുതല്‍ 18 വരെ ആലപ്പുഴയില്‍ നടക്കുമ്പോള്‍ വിവിധ ജില്ലകളില്‍നിന്നും മേളയില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് വേദികളിലേക്കും താമസകേന്ദ്രങ്ങളിലേക്കും കൃത്യമായി സഞ്ചരിക്കാന്‍ ഓണ്‍ലൈന്‍ മാപ്പ് തയാറാക്കിയിരിക്കുകയാണ് എകെഎസ്ടിയു അധ്യാപക സംഘടന നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രോഗ്രാം കമ്മിറ്റി.
ശാസ്ത്രോത്സവത്തിന്റെ പ്രധാനപ്പെട്ട നാലു വേദികളും 20 താമസകേന്ദ്രങ്ങളും ബന്ധിപ്പിച്ചുള്ള ശാസ്ത്രമേള ഗൂഗിള്‍ മാപ്പാണ് തയാറാക്കിയിട്ടുള്ളത്. മാപ്പിന്റെ പ്രകാശനകര്‍മം ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീലതയ്ക്ക് ഗൂഗിള്‍ മാപ്പ് ലിങ്ക് അയച്ച് പി.പി. ചിത്തരഞ്ജന് എംഎല്‍എ നിര്‍വഹിച്ചു.
സഹായകേന്ദ്രങ്ങള്‍
വിവിധ ജില്ലകളില്‍നിന്നെത്തുന്ന വിദ്യാര്‍ഥികളെയും അധ്യാപകരെയും സ്വീകരിക്കാന്‍ റെയില്‍വേ സ്റ്റേഷന്, കെഎസ്ആര്‍ടിസി. ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലായി സഹായകേന്ദ്രങ്ങള്‍ ഒരുക്കി. ഇവര്‍ക്കെല്ലാം സ്കൂളുകളിലേക്കും താമസകേന്ദ്രങ്ങളിലേക്കും യാത്രാസൗകര്യമുണ്ടാകും. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ചിക്കര കേന്ദ്രത്തില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
മെനു പഴയിടത്തിന്റെ
വിദ്യാര്‍ഥികള്‍ക്ക് നാലുനേരവും ഭക്ഷ ണമൊരുക്കാന് പഴയിടം മോഹനന് നമ്പൂതിരിയെത്തും. പ്രാതലും അത്താഴവും അടുക്കള ഒരുക്കിയിട്ടുള്ള ലജ്നത്ത് സ്കൂളിലാണ് ക്രമീകരിച്ചിട്ടുള്ളത്.
ഉച്ചഭക്ഷണംമാത്രം വേദികളില്‍ എത്തിച്ചുകൊടുക്കും. സമാപനദിവസം അമ്പലപ്പുഴ പാല്‍പ്പായസവും വിദ്യാര്‍ഥികള്‍ക്കു നല്‍കും. നോണ്‍വെജ് വിഭവങ്ങളും മെനുവിലുണ്ട്.