കാപ്പ പ്രതി പിടിയിൽ
1478924
Thursday, November 14, 2024 5:09 AM IST
കായംകുളം: കാപ്പ നിയമം ലംഘിച്ച് നാട്ടിലെത്തിയ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ പോലീസുകാർക്കുനേരെ ആക്രമണം. രണ്ടു പോലീസുകാർക്കു പരിക്കേറ്റു. ഒടുവിൽ കാപ്പ കേസ് പ്രതിയെ സാഹസികമായി പോലീസ് പിടികൂടി.
കാപ്പ കേസിൽ കഴിഞ്ഞ ജൂലൈ യിൽ ജില്ലയിൽനിന്നും നാടുകടത്തിയ കായംകുളം പത്തിയൂർ കിഴക്ക് കൃഷ്ണനിവാസിൽ അഖിൽ കൃഷ്ണൻ (കിണ്ണ-30) ആണ് കരീലക്കുളങ്ങര പോലീസിന്റെ പിടിയിലായത്. കാപ്പ നിയമം ലംഘിച്ച് പ്രതി പത്തിയൂരിലെ വീട്ടിൽ എത്തിയിരുന്നു.
ഇതറിഞ്ഞ് പോലീസ് സംഘം എത്തിയതോടെ പ്രതി പോലീസിനെ ആക്രമിച്ച് ബൈക്കിൽ പായുകയായിരുന്നു. പിന്നാലെ എത്തിയ പോലീസ് സാഹസികമായി പ്രതിയെ കീഴടക്കുകയായിരുന്നു. കരീലക്കുളങ്ങര എസ്ഐ ബജിത്ത് ലാൽ, സിവിൽ പോലീസ് ഓഫീസർമാരായ ഷാനവാസ്, അരുൺ, മുഹമ്മദ് ഷാഫി, സലിൻ, വിഷ്ണു എസ്. നായർ, വിഷ്ണു എന്നിവർ ചേർന്ന് ഇയാളെ തടഞ്ഞ് നിർത്താൻ ശ്രമിച്ച സമയത്താണ് ഇയാൾ പോലീസുകാരെ ആക്രമിച്ചത്.
അക്രമത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ അരുൺ, സലിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാപ്പാ ഉത്തരവ് ലംഘിച്ചതിനും പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ചതിനും കേസ് രജിസ്റ്റർ ചെയ്തു.