യോഗം അലസിപ്പിരിഞ്ഞു
1478922
Thursday, November 14, 2024 5:09 AM IST
എടത്വ: കര്‍ഷകത്തൊഴിലാളികളുടെയും ചുമട്ടുതൊഴിലാളികളുടെയും കൂലി വര്‍ധിപ്പിക്കുന്നതിനുവേണ്ടി ചേര്‍ന്ന കുട്ടനാട് ഐആര്‍സി യോഗം ബഹിഷ്കരണവും തര്‍ക്കവും മൂലം അലസിപ്പിരിഞ്ഞു. ലേബര്‍ കമ്മീഷണര്‍ സഫ്ന നമ്പറുദ്ദീന്റെ അധ്യക്ഷതയില്‍ നടന്ന യോഗമാണ് അലസിപ്പിരിഞ്ഞത്.
സംസ്ഥാന സര്‍ക്കാര്‍ നാലു വര്‍ഷമായി നെല്ലുവില വര്‍ധിപ്പിക്കാത്തതിലും കേന്ദ്രം വര്‍ധിപ്പിച്ച കിലോയ്ക്ക് 4.32 രൂപ നിരക്കിലുള്ള തുക സംസ്ഥാന വിഹിതത്തില്‍ വെട്ടിക്കുറച്ചതിലും പ്രതിഷേധിച്ച് കര്‍ഷക പ്രതിനിധിയും ആലപ്പുഴ ഡിസിസി ജനറല്‍ സെക്രട്ടറിയുമായ കെ. ഗോപകുമാര്‍ യോഗം ബഹിഷ്കരിച്ചു.
പിന്നാലെ കേരള കോണ്‍ഗ്രസ്-എം പ്രതിനിധി ജോണിച്ചന് മണലിലും ഇറങ്ങിപ്പോയി. യോഗം തുടര്‍ന്നെങ്കിലും തര്‍ക്കം മൂലം തീരുമാനമെടുക്കാനാവാതെ അലസിപ്പിരിയുകയായിരുന്നു. ലേബര്‍, കൃഷി, സപ്ലൈകോ മന്ത്രിമാരുടെ സാന്നിദ്ധ്യത്തില്‍ യോഗം പിന്നീട് ചേരാമെന്ന് കമ്മീഷണര്‍ അറിയിച്ചു.