കനകക്കുന്ന് ജെട്ടിയിൽനിന്ന് കഞ്ചാവ് കണ്ടെടുത്തു
1478928
Thursday, November 14, 2024 5:13 AM IST
ഹരിപ്പാട്: ആറാട്ടുപുഴ കിഴക്കേക്കര കനകക്കുന്ന് ജെട്ടിയിൽനിന്ന് കനകക്കുന്ന് പോലീസ് കഞ്ചാവ് കണ്ടെടുത്തു. മത്സ്യലേല ഹാളിലെ ബോർഡിനു പിന്നിൽ ഒളിപ്പിച്ചിരുന്ന കഞ്ചാവാണ് കണ്ടെടുത്ത്. നാലു പ്ലാസ്റ്റിക് പൊതികളിലായാണ് സൂക്ഷിച്ചിരുന്നത്.
മത്സ്യത്തൊഴിലാളികൾ നൽകിയ സൂചനയെത്തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. കഞ്ചാവ് എത്തിക്കുന്നവർക്ക് നേരിട്ട് കൈമാറാൻ പറ്റാത്ത സാഹര്യത്തിൽ മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്തു ഒളിപ്പിച്ചു വെച്ചിട്ടു പോകുകയാണ് പതിവ്. പിന്നീടിത് ചില്ലറ വിൽപനക്കാരും ലഹരി ഉപയോഗിക്കുന്നവരും വന്നെടുത്തുകൊണ്ടു പോകും.
പത്തനംതിട്ടയിലെ ഒരു മോഷക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനായി ബുധനാഴ്ച പുലർച്ചെ പോലീസ് സംഘംജെട്ടിയിലെത്തിയിരുന്നു. ഇതുകാരണം ബോർഡിനു പിന്നിൽ ഒളിപ്പിച്ചു വച്ച കഞ്ചാവ് കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയുണ്ടായതാ യാണ് കരുതുന്നത്. കനകക്കുന്ന് ജെട്ടി, മല്ലിക്കാട്ടുകടവ് റോഡിലേക്കു തിരിയുന്നിടം കനകക്കുന്ന് ഗുരുമന്ദിരത്തിന് പടിഞ്ഞാറ് കായൽവാരം,
കീരിക്കാട് ജെട്ടി, ഈരയിൽച്ചിറ, കൊച്ചിയുടെ ജെട്ടി പാലം, ചൂളത്തെരുവ് തുടങ്ങിയ തീരപ്രദേശ ങ്ങളിലെല്ലാം ലഹരി വിൽപനയും ഉപയോഗവും വ്യാപകമാണ്. സന്ധ്യക്കുശേഷമാണ് ലഹരിസംഘങ്ങൾ ഒത്തുകൂടുന്നത്.
ഇവർ നാട്ടുകാരുടെ സമാധാന ജീവിതത്തിനു വലിയ ഭീഷണിയാണ്. പലപ്പോഴും ഇവർ തമ്മിൽ ഏറ്റുമുട്ടലുണ്ടാകുന്നതായും പറയുന്നു. പുറത്തുനിന്നുളള സംഘങ്ങളുമെത്തി പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. അക്രമം ഭയന്നാണ് നാട്ടുകാർ പ്രതികരിക്കാത്തത്.
ലഹരി സംഘങ്ങളെ അമർച്ച ചെയ്യാൻ പോലീസും എക്സൈസും കാര്യക്ഷമമായി പ്രവർത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.