വെള്ളാഞ്ചിറ ഗ്രാമോത്സവം ഒമ്പത് മുതൽ
1492472
Saturday, January 4, 2025 7:02 AM IST
നെടുമങ്ങാട്: പനവൂർ പഞ്ചായത്തിലെ വെള്ളാഞ്ചിറ റസിഡന്റ്സ് അസോസിയേഷന്റെ പതിനൊന്നാമത് വാർഷികാഘോഷം ഒമ്പതു മുതൽ 12 വരെ വെള്ളാഞ്ചിറ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കും. വിവിധ സമ്മേളനങ്ങൾ, കലാപരിപാടികൾ, കൗതുക കാഴ്ചകളും, ശാസ്ത്ര വിസ്മയങ്ങളും അടങ്ങുന്ന എക്സിബിഷൻ.
സൗജന്യ നേത്ര പരിശോധന ക്യാമ്പ്, സ്കൂൾ വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, റസിഡന്റ്സ് അസോസിയേഷൻ പരിധിയിലുള്ള മികച്ച വിദ്യാഭ്യാസ- കായിക വിഭാഗങ്ങളിൽ പ്രതിഭ തെളിയിച്ച വിദ്യാർഥികൾക്കും അനുമോദനവും സ്വീകരണവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.
പനവൂർ പഞ്ചായത്തിലും സമീപ പഞ്ചായത്തിലും സ്ഥിതിചെയ്യുന്ന സ്കൂളുകളിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്വിസ് മത്സരവും ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തുന്ന മത്സര വിജയികൾക്ക് ക്യാഷ് അവാർഡും മൊമെന്റോയും നൽകുന്നതിനോടൊപ്പം മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും പ്രോത്സാഹന സമ്മാനവും നൽകുമെന്ന് അധികൃതർ പറഞ്ഞു.
വാർഷിക ആഘോഷ ഉദ്ഘാടനവും ഗ്രാമഎക്സിബിഷൻ ഉദ്ഘാടനവും വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഡി. കെ.മുരളി എംഎൽഎ വെള്ളാഞ്ചിറ സ്റ്റേഡിയത്തിൽ നിർവഹിക്കും. പനവൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. മിനി അധ്യക്ഷത വഹിക്കും. ഉദ്ഘാടന യോഗത്തിൽ രാഷ്ട്രീയ സാമൂഹ്യ ശാസ്ത്ര രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.