നഗരത്തിന്റെ സ്വപ്ന പദ്ധതി യാഥാർഥ്യമാകുന്നു
1492465
Saturday, January 4, 2025 6:54 AM IST
തിരുവനന്തപുരം : തലസ്ഥാന നഗരത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ ശ്രീകാര്യം മേൽപ്പാലം യാഥാർത്യമാകുന്നു, 18 മാസം കൊണ്ട് ശ്രീകാര്യം ജംഗ്ഷനിൽ മേൽപ്പാലം ഉയരും. പദ്ധതിയുടെ നിർമാണ ഉദ്ഘാടനം തിങ്കൾ വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ശ്രീകാര്യം മുസ്ലിം പള്ളിക്കു സമീപം മുതൽ കല്ലമ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്ക് വരെ 535 മീറ്റർ നീളത്തിൽ നാലുവരി പാതയുള്ള പാലമാണ് നിർമിക്കുക. 7.5 മീറ്ററാണ് വീതി. ഇരുവശങ്ങളിലുമായി 5.5 മീറ്റർ വീതിയിൽ സർവീസ് റോഡുകൾ ഉണ്ടാകും. സർവീസ് റോഡിന് ഇരുവശത്തും 1.5 മീറ്റർ വീതിയിൽ നടപ്പാതയും ഓടകളും യൂട്ടിലിറ്റി ഡക്റ്റും, ജംഗ്ഷനിൽ നിന്നും ചെമ്പഴന്തി, ചെറുവയ്ക്കൽ റോഡുകൾ 100 മീറ്റർ നീളത്തിൽ വീതി കൂട്ടും.
യാത്രക്കാർക്ക് തടസമുണ്ടാകാത്തരീതിയിൽ ഇരുഭാഗത്തും സർവീസ് റോഡുകൾ നിർമിച്ചശേഷമാകും മേൽപ്പാലത്തിന്റെ ആദ്യ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുക. ശ്രീകാര്യം ജംഗ്ഷന്റെ സമഗ്രവികസനവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിർദിഷ്ട ലൈറ്റ് മെട്രോയുടെ സാങ്കേതികാവശ്യകതകൾ ഉൾക്കൊള്ളിച്ചാണ് മേൽപ്പാലം രൂപകല്പന ചെയ്തിരിക്കുന്നത്. മേൽപ്പാലത്തിന് 2016-ലാണ് സർക്കാർ അനുമതി ലഭിച്ചത്. 168 ഉടമകളിൽ നിന്നായി 1.34 ഹെക്ടർ സ്ഥലമാണ് ജില്ലാ ഭരണകൂടം ഏറ്റെടുത്തത്.
കല്ലമ്പള്ളി മുതല്‍ ലയോള റോഡിന്റെ തുടക്കം വരെയുള്ള 63 കെട്ടിടങ്ങളില്‍ 60 എണ്ണം ആദ്യഘട്ടത്തില്‍ പൊളിച്ചു മാറ്റി . തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികൂടി മുന്നിൽക്കണ്ടുകൊണ്ടാണ് ശ്രീകാര്യത്ത് മേൽപ്പാലം നിർമിക്കുക.