പൂവച്ചൽ-മുളമൂട്-കുറകോണം-പട്ടകുളം റോഡ് ശോച്യാവസ്ഥയിൽ
1492458
Saturday, January 4, 2025 6:54 AM IST
കാട്ടാക്കട: പൂവച്ചൽ-മുളമൂട്-കുറകോണം-പട്ടകുളം റോഡ് ശോച്യാവസ്ഥയിലെന്ന് യാത്രക്കാർ. പൂവച്ചൽ പഞ്ചായത്തിലെ മുളമൂട് ജംഗ്ഷനിൽ നിന്നും പാറമുകൾ പട്ടകുളം വഴി വീരണകാവിലേക്കും നെയ്യാർഡാമിലേക്കും എളുപ്പത്തിൽ എത്താവുന്ന നാല് കിലോമീറ്ററോളം വരുന്ന റോഡാണ് നാട്ടുകാരെ യാത്രാദുരിതത്തിലാക്കുന്നത്.
കുറകോണത്തെ മോട്ടോർ വാഹനവകുപ്പിന്റെ ടെസ്റ്റ് ഗ്രൗണ്ടിലേക്കുള്ള റോഡ് കൂടിയാണിത്. വേനൽകാലത്ത് പ്രദേശത്തെ പൊടിശല്യം കാരണം യാത്രക്കാർ ബുദ്ധിമുട്ടുന്നു. മഴക്കാലത്ത് റോഡിലെ ചെളിയിൽ തെന്നിവീണാണ് അടപം വർധിക്കുന്നത്. ഇതിനു പിന്നാലെയാണ് ജലജീവൻ പദ്ധതിക്കായി റോഡ് കുഴിച്ചത്. പൈപ്പിടൽ മുക്കാൽഭാഗത്തോളം എത്തിയപ്പോൾ പണിനിർത്തി കരാറുകാർ പോയിട്ട് ഒരു വർഷത്തോളമായി.
കുഴിമൂടിയെങ്കിലും ടാറിംഗ് നടക്കാത്തതിനാൽ പൊടിശല്യം രൂക്ഷമാണെന്നും യാത്രക്കാർ . ജില്ലാപ്പഞ്ചായത്ത് 20 ലക്ഷം രൂപയും ജലജീവൻ മിഷൻ 10 ലക്ഷം രൂപയും റോഡ് നവീകരണത്തിന് അനുവദിച്ചതായി പറയുന്നുവെങ്കിലും നവീകരണം മാത്രം എങ്ങുമെത്തിയില്ല.