കഴക്കൂട്ടത്ത് സിഎസ്ഐ സഭയുടെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കമായി
1490519
Saturday, December 28, 2024 6:30 AM IST
തിരുവനന്തപുരം: കഴക്കൂട്ടത്ത് സിഎസ്ഐ സഭയുടെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കമായി. 24ന് കഴക്കൂട്ടം ജംഗ്ഷനില്‍ നടത്തിയ വര്‍ണശബളമായ കാരള്‍ ഘോഷയാത്രക്ക് ശേഷം നടത്തിയ ആരാധനയില്‍ സോള്‍ വിന്നിംഗ് ബിഷപ്പ് ഡോ. ഓസ്റ്റിന്‍ എം. എ പോള്‍ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.
15 പുല്ക്കൂടുകള് എട്ട് ക്രിസ്മസ് ട്രീകള്‍ നിരവധി പപ്പാമാര്‍ ക്രിസ്തുമസ് ഗ്രാമം തുടങ്ങി വ്യത്യസ്ത വിസ്മയ കാഴ്ചകള്‍ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് മികവേകുന്നു. 31 വരെ നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
26ന് യുവജനസംഖ്യത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കലാപരിപാടികളില്‍ പുളിയംകോട് സെന്റ്. ജോണ്‍സ് ലൂഥറന്‍ സഭാ വികാരി ഫാ. വിമല്‍ രാജ് ക്രിസ്തുമസ് സന്ദേശം നല്കി. 27ന് സണ്‍ഡേ സ്കൂളിന്റെ നേതൃത്വത്തില്‍ നടന്ന കലാസന്ധ്യയില്‍ കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി കോര്‍ ഓഫീസര്‍ മേജര്‍. മോന്‍സി വി. എസ് സന്ദേശം നല്കി.
28 ന് സ്ത്രീജന സഖ്യത്തിന്റെ നേതൃത്വത്തില്‍ ക്രമീകരിച്ചിരിക്കുന്ന പരിപാടിയിൽ കോട്ടയം സെമിനാരി ഫാക്കല്‍റ്റിയും ശ്രീകാര്യം മാര്‍ബസേലിയസ് ഓര്‍ത്തഡോക്ള്‍സ് സഭാ വികാരിയുമായ ഫാ. ഡോ. തോമസ് ജോര്‍ജ് മുഖ്യ സന്ദേശം നല്‍കും.
29ന് ബാലജന സഖ്യം സഘടിപ്പിച്ചിരിക്കുന്ന കലാപരിപാടികളില്‍ കഴക്കൂട്ടം ബഥെല്‍ മാര്‍ത്തോമാ സഭാ വികാരി ഫാ. ഡോ. രഞ്ചന്‍ ജോണ്‍ നെല്ലിമൂട്ടില്‍ ക്രിസ്മസ് സന്ദേശം നല്‍കും.
30 ന് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് കഴക്കൂട്ടം അസംബ്ലിയുടെ നേതൃത്വത്തില്‍ നടത്തുന്ന 'പിറവി 2024' സ്റ്റേജ് പ്രോഗ്രാമില്‍ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഫെല്ലോഷിപ്പ് ബിഷപ്പ് ഡോ. ജോര്‍ജ് ഈപ്പന് സന്ദേശം നല്‍കും.
ഈ വര്‍ഷത്തെ വാര്‍ഷികത്തില്‍ കണ്ണമ്മൂല കേരള ഐക്യ വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ റവ. ഡോ. സി. ഐ. ഡേവിഡ് ജോയ് മുഖ്യസന്ദേശം നല്കി. വര്‍ഷാന്ത്യ, പുതുവത്സര ആരാധനകള്‍ക്ക് ഡിസ്ട്രിക്ട് ചെയര്മാന് ഫാ. എസ്. ശോഭനദാസ്, സഭാ ശുശ്രൂഷകന് ഫാ. എ. ആര്. നോബിള്‍ എന്നിവര്‍ പ്രസംഗിക്കും.