കോവളത്ത് കടലിൽ കുളിക്കുന്നതിനിടയിൽ തിരയിൽപ്പെട്ട യുവാവ് മരിച്ചു
1490650
Saturday, December 28, 2024 10:57 PM IST
വിഴിഞ്ഞം: കുടുംബസമേതം കോവളം കാണാനെത്തി കടലിൽ കുളിക്കുന്നതിനിടയിൽ തിരയിൽപ്പെട്ട തമിഴ്നാട് സ്വദേശിയായ യുവാവ് മരിച്ചു. തിരുവള്ളുവർ അഴഗിരി സ്ട്രീറ്റിൽ മജിസ്ട്രിക് കോളനിയിൽ മതിയഴകന്റെ മകൻ വിജയ് (39) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെ കോവളം ഗ്രോ ബീച്ചിലാണ് സംഭവം. ചെന്നൈയിൽ ഒരു സ്വകാര്യ കമ്പനിയിലെ സോഫ്റ്റ് വെയർ എൻജിനീയറായ വിജയ് ഭാര്യയും കുട്ടിയും ഉൾപ്പെടെ സൃഹൃത്തിന്റെ കുടുംബത്തോടൊപ്പം കാറിൽ ഇന്നലെ രാവിലെയാണ് കോവളത്ത് എത്തിയത്.
കടലിൽ കുളിക്കുന്നതിനിടയിൽ തിരയടിയിൽപ്പെട്ട് അവശനായ വിജയിയെ കൂടെയുണ്ടായിരുന്നവർ ചേർന്നു വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തീരദേശ പോലീസ് ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നു ബോഡിനാട്ടിലേക്ക് കൊണ്ടുപോകുമെന്നു ബന്ധുക്കൾ അറിയിച്ചു.