വികസിത ഭാരത് യുവനേതൃസംഗമം മൂന്നാംഘട്ട മത്സരങ്ങൾ ഇന്ന്
1490282
Friday, December 27, 2024 6:38 AM IST
തിരുവനന്തപുരം: കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വികസിത ഭാരത് യുവ നേതൃ സംവാദത്തിന്റെ ഭാഗമായുള്ള മത്സരങ്ങളുടെ മൂന്നാം ഘട്ടം ഇന്നു തിരുവനന്തപുരം തൈക്കാട് ഗവണ്മെന്റ് ഗസ്റ്റ് ഹൗസ് കോന്പൗണ്ടിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ നടക്കും.
ദേശീയ യുവജനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ്, ഉപന്യാസരചന മത്സരങ്ങളിൽ വിജയികളായ കേരളത്തിൽ നിന്നുള്ള 250 പേരാണ് മൂന്നാം ഘട്ട മത്സരങ്ങളിൽ പങ്കെടുക്കുക.
തെരഞ്ഞെടുത്ത 10 വിഷയങ്ങളിൽ അഞ്ചു മിനിട്ട് അവതരണത്തിലും മുഖാമുഖത്തിലും വിജയികളാവുന്നവർ ജനുവരി 11, 12 തീയതികളിൽ ന്യൂ ഡൽഹി ഭാരത് മണ്ഡപത്തിൽ നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കും.
കേരളത്തിൽ നിന്ന് 45 പേരാണ് 10 വിഷയങ്ങളിൽ വികസിത ഭാരതത്തെ കുറിച്ചുള്ള തങ്ങളുടെ ആശയങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്പാകെ അവതരിപ്പിക്കുക.
പരിപാടിയിൽ വിജയികളാവുന്നവർക്കു സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം, സംസ്ഥാന കായിക യുവജനകാര്യ വകുപ്പ്, മേരാ യുവ ഭാരത്, നെഹ്റു യുവ കേന്ദ്ര എന്നിവ ചേർന്നാണ് സംസ്ഥാനതല മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.