പണയംവച്ച സ്വർണം ലേലത്തിൽ വിറ്റു : സ്വകാര്യ പണമിടപാട് സ്ഥാപനത്തിലേക്ക് കോൺഗ്രസ് പ്രതിഷേധം
1490025
Wednesday, December 25, 2024 6:48 AM IST
പേരൂര്‍ക്കട: സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ വെള്ളായമ്പലം ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തി. ശാസ്തമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ധര്‍ണ.
ശാസ്തമംഗലം സ്വദേശിനിയായ യുവതി 47 പവന് സ്വര്‍ണം പണയപ്പെടുത്തി സ്ഥാപനത്തില്‍ നിന്നു കഴിഞ്ഞ മെയ്മാസത്തില്‍ വായ്പയെടുത്തിരുന്നു. ഓഗസ്റ്റില്‍ മുഴുവന്‍ തുകയും അടച്ചുതീര്‍ത്തു.
സെപ്തംബറില്‍ സ്വര്‍ണം തിരികെയെടുക്കാന്‍ ചെന്നപ്പോള്‍ ലേലത്തില്‍ പോയെന്നും പുതിയ സ്വര്‍ണം വാങ്ങിനല്കാമെന്നുമാണ് അധികൃതര്‍ പറഞ്ഞത്.
ലഭിക്കാതായപ്പോള്‍ യുവതി മ്യൂസിയം സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസെടുത്തു. എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടായില്ലെന്ന് ധര്‍ണയില്‍ പ്രസംഗിച്ച ശാസ്തമംഗലം മോഹനന് പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ശാസ്തമംഗലം അരുണ്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വെള്ളൈക്കടവ് വേണുകുമാര്‍, എ.ജി നൂറുദ്ദീന്‍, വേണുഗോപാലന്‍ നായര്‍, മരുതംകുഴി ഹരി, മുരളി, രാധാകൃഷ്ണന്, താര, സതി, മഞ്ജു തുടങ്ങിയവര്‍ പങ്കെടുത്തു.