പാരന്പര്യ ചികിത്സാ അറിവുകൾ അന്യം നിൽക്കാതെ സംരക്ഷിക്കണം: സ്വാമി സച്ചിദാനന്ദ
1490281
Friday, December 27, 2024 6:38 AM IST
ശിവഗിരി: നൂറ്റാണ്ടുകളായി കൈമാറിയ പാരന്പര്യ ആയൂർവേദ ചികിത്സാ അറിവുകൾ അന്യം നിൽക്കാതെ സംരക്ഷിക്കണമെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. 92-ാമത് ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് ഭാരതീയ പാരന്പര്യ ചികിത്സാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംസ്ഥാന പാരന്പര്യ വൈദ്യസംഗമവും സൗജന്യ വൈദ്യ പരിശോധനയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മറ്റു ശാസ്ത്ര ശാഖകളിൽ ഇല്ലാത്ത അറിവുകളുടെ കലവറയാണ് പാരന്പര്യ വൈദ്യ കുടുംബങ്ങളുടെ പക്കലുള്ളത്. പിൻഗാമികൾക്ക് വിജ്ഞാനം കൈമാറാത്തതിനാൽ പല വൈദ്യന്മാരുടേയും മരണത്തോടെ അയാളുടെ അറിവുകളും ചികിത്സാ രീതികളും മണ്ണടിയുകയാണ്.
ഈ നഷ്ടം സമൂഹത്തിന്റെ നഷ്ടംകൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി, ഡോ. രേണു സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു. വിശാഖം തിരുനാൾ, ഡോ. പാറശാല സുരേഷ്കുമാർ, സോമൻ വൈദ്യർ, അരീക്കുഴ വൈസുദേവൻ വൈദ്യർ, ഡോ. ഷിബു ജയരാജ്, കെ.കെ. രാമചന്ദ്രൻവൈദ്യർ, സുജി കുര്യാക്കോസ് ഗുരുക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.